എറണാകുളം : നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെ സിനിമാ ചിത്രീകരണത്തിന് സിനിമാ സംഘടനകൾ സംയുക്തമായി മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി.
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക , താരസംഘടന അമ്മ, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂഷേഴ്സ് അസോസിയേഷനും സംയുക്തമായാണ് മുപ്പത് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
നിർമാതാവും സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും എല്ലാ വിഭാഗങ്ങളും, നടി നടന്മാരെയും ഉൾപ്പടെ ഷൂട്ടിങ്ങിൽ അനുവദനീയമായ ആളുകളുടെ എണ്ണം പരമാവധി അമ്പതായി ചുരുക്കണമെന്നാണ് പ്രധാന നിർദ്ദേശം.
ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ പേർ, മൊബൈൽ നമ്പർ, വാക്സിനേഷൻ സർട്ടിഫിക്കറ്റിന്‍റെ കോപ്പി, ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, ഷൂട്ടിങ് ലൊക്കേഷൻ വിശദാംശങ്ങൾ എന്നിവ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കും ഫെഫ്കയിലേക്കും ഇമെയിൽ ചെയ്യണം.
കൊവിഡ് പ്രോട്ടോക്കോള്‍ രജിസ്റ്റർ
രണ്ട് സംഘടനകളിലും ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളുടെ കൊവിഡ് പ്രോട്ടോക്കോൾ രജിസ്റ്റർ ഉണ്ടായിരിക്കും. ചിത്രീകരണം കഴിയുന്നത് വരെ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ലോക്കേഷനിൽ നിന്നും, താമസ സ്ഥലത്ത് നിന്നും പുറത്ത് പോകാൻ പാടില്ല.
പ്രൊഡക്ഷൻ സഹായികള്‍, മേയ്ക്കപ്പ് ഡിപ്പാർട്ട്‌മെന്‍റ്, കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്‍റ് എന്നിവർ ജോലി സമയത്ത് കൈയുറകൾ നിർബന്ധമായും ഉപയോഗിക്കണം.
എല്ലാവരും മാസ്ക് മുഴുവൻ സമയവും ഉപയോഗിക്കണം. മാസ്കിന്‍റെ നിർദ്ദേശിക്കപ്പെട്ട ഉപഭോഗ സമയം കഴിയുമ്പോൾ പുതിയ മാസ്കുകൾ വിതരണം ചെയ്യണം. 80 ശതമാനം ആൽക്കഹോൾ കണ്ടന്‍റുള്ള അംഗീകൃത ഹാൻഡ് സാനിറ്റൈസറുകളുടെ കൊണ്ടുനടന്ന് ഉപയോഗിക്കാവുന്ന നൂറ് എം.എൽ. ബോട്ടിൽ ഓരോ അംഗത്തിനും പ്രത്യേകം നൽകുക.
ചിത്രീകരണ സ്ഥലത്ത് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ അതാത് ഡിപ്പാർട്ട്‌മെന്‍റിലുള്ള സെറ്റിലെ പ്രതിനിധികൾ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ സഹസംവിധായകരുടെ മേൽനോട്ടം ഉണ്ടാകേണ്ടതുമാണ്.
സംഘടനയ്‌ക്ക് സത്യവാങ്മൂലം നല്‍കണണം
ചിത്രീകരണം തുടങ്ങാനിരിക്കുന്നവർ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക്കയ്ക്കും മാർഗ്ഗരേഖ നടപ്പാക്കുമെന്ന് സത്യവാങ്ങ്മൂലം സമർപ്പിക്കണം.
ലൊക്കേഷനുകളിൽ സംഘടനാ പ്രതിനിധികൾ പരിശോധന നടത്തുമെന്നും മാർഗ്ഗ രേഖയിൽ വ്യക്തമാക്കുന്നു. നിലവിൽ ഇൻഡോർ ചിത്രീകരണത്തിന് മാത്രമാണ് സർക്കാർ അനുമതി നൽകിയത്.
also read : കർശന നിയന്ത്രണങ്ങളോടെ കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി