എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ നാളെ നിര്‍ണായക ദിനം. നാളെ ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കാനായി ഹര്‍ജി ഹൈക്കോടതി മാറ്റി.
ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ ദിലീപിനും പ്രതികള്‍ക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. അന്വേഷണവുമായി ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സഹകരിക്കുന്നില്ല. പ്രതികൾക്ക് ജാമ്യത്തിനർഹതയില്ല. മറ്റു പ്രതികൾക്ക് കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് ലഭിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. കോടതിയിൽ ഹാജരാക്കാമെന്ന് അറിയിച്ച ഫോണുകളിലൊന്ന് ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫോണുകളുടെ കാര്യത്തിൽ ആശയ കുഴപ്പം സൃഷ്‌ടിക്കുന്നു. കോടതിയിൽ സമർപ്പിച്ച ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രതി പറയുന്ന ലാബിൽ പരിശോധിപ്പിക്കണമെന്ന വാദം അംഗീകാരിക്കാനാവില്ല. ദിലീപിനെ ജയിലിൽ പാർപ്പിച്ച് അന്വേഷണവും വിചാരണയും വേണം. അറസ്റ്റ് പാടില്ലെന്ന ഉത്തരവ് നീക്കണമെന്നും കോടതിയിൽ വാദിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്യാൻ തെളിവുണ്ടന്നും കോടതി തടഞ്ഞതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഫോണുകളിൽ തിരിമറി നടത്തുമെന്ന് ഭയപ്പെടുന്നുവെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദിലീപ് കോടതിയിൽ വാദിച്ചു.
ALSO READ: ദിലീപിന്‍റെ ഫോണുകൾ സർവീസ് ചെയ്‌തിരുന്നയാളുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ