കൊച്ചി: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പാലാരിവട്ടം മേൽപ്പാലം തുറക്കുന്നത് നീണ്ടു പോയേക്കും. പാലം ഈ മാസം ഗതാഗതത്തിനായി തുറന്ന് കൊടുക്കാന്‍ കഴിയില്ലെന്ന് അറ്റക്കുറ്റ പണിക്ക് മേല്‍നോട്ടം നല്‍കുന്ന വിദഗ്ധ സംഘം അറിയിച്ചു. സകൂൾ തുറക്കുന്നതിനു മുന്നോടിയായി താൽക്കാലികമായെങ്കിലും പാലം തുറക്കാനാണ് അധികൃതർ പ്രതീക്ഷിച്ചിരുന്നത്.
മെയ് മാസം ഒന്നിനാണ് ഗുരുതരമായ തകരാറുകളെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പാലാരിവട്ടം പാലം അടച്ചത്. ഒരു മാസത്തിനുള്ളിൽ തകരാറുകൾ പരിഹരിച്ച് പാലം തുറക്കാനായിരുന്നു ശ്രമം. എന്നാൽ മൂന്നു മാസം സമയമെടുക്കും എന്ന് വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി താൽക്കാലികമായി പാലം തുറക്കാൻ ശ്രമിച്ചുവെങ്കിലും ഇപ്പോഴും അറ്റകുറ്റപ്പണി പൂർത്തിയാക്കാനായിട്ടില്ല.
കൂടുതൽ ബലക്ഷയമുള്ള പാലത്തിന്റെ ഗർഡറുകൾ തമ്മിൽ യോജിപ്പിക്കുന്ന ബലപ്പെടുത്തൽ ജോലികൾ ഇപ്പോഴും പാതിവഴിയിലാണ്. ഈ സാഹചര്യത്തിൽ പാലം തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ നീണ്ടു പോകാനാണ് സാധ്യത. നിർമ്മാണത്തിൽ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണത്തിനും വിജിലൻസ് ശുപാർശ നൽകിയിരുന്നു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പാലത്തിന്റെ പണി പൂർത്തിയാകാത്തതിനാൽ പാലാരിവട്ടം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.