കൊച്ചി കപ്പല്‍ശാലയില്‍ അഫ്‌ഗാന്‍ പൗരന്‍ ജോലി ചെയ്‌ത കേസ് : എന്‍ഐഎ അന്വേഷണത്തിന് ശിപാര്‍ശ - afghan working cochin shipyard nia investigation news
രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസെന്ന നിലയിലാണ് എന്‍ഐഎ അന്വേഷണത്തിന് പൊലീസ് ശിപാര്‍ശ ചെയ്‌തത്
എറണാകുളം : കൊച്ചി കപ്പല്‍ശാലയില്‍ അഫ്‌ഗാന്‍ പൗരന്‍ ജോലി ചെയ്‌ത കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് പൊലീസ്. സംഭവത്തില്‍ ചാരവൃത്തി ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേസ് അന്വേഷിച്ച കൊച്ചി പൊലീസ് എന്‍ഐഎ അന്വേഷണത്തിനായി ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. എന്നാല്‍ പ്രതി കപ്പലില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി
അഫ്‌ഗാന്‍ പൗരനാണെന്ന കാര്യം മറച്ചുവെച്ച് കപ്പല്‍ശാലയില്‍ ജോലി ചെയ്‌തതിൽ ദുരൂഹതയുണ്ടെന്നാണ് സംശയിക്കുന്നത്. അഫ്‌ഗാന്‍ പൗരനായ ഈദ്ഗുല്‍ വര്‍ഷങ്ങളോളം കറാച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്‌തിരുന്ന വിവരങ്ങളും ഗൗരവമേറിയതാണ്.
അസം സ്വദേശിയായ അമ്മയുടെ മേല്‍വിലാസം ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചത്. ഇത് ഉപയോഗിച്ചാണ് കൊച്ചി കപ്പല്‍ശാലയില്‍ നിർമാണ ജോലികളിൽ ഏർപ്പെട്ടത്. നിര്‍മാണം പുരോഗമിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിനുളളില്‍ ഷീറ്റ് വിരിക്കുന്ന ജോലി ഇയാള്‍ ചെയ്‌തുവെന്നാണ് കരുതുന്നത്.
'രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസ്'
രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസെന്ന നിലയിലാണ് എന്‍ഐഎ അന്വേഷണത്തിന് പൊലീസ് ശിപാര്‍ശ ചെയ്‌തത്. നിലവില്‍ അഫ്‌ഗാന്‍ പൗരനും ഇയാളുടെ മാതൃസഹോദരങ്ങളും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലാണ്. പ്രതിക്ക് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും തരപ്പെടുത്തി കൊടുത്തതിനാണ് ബന്ധുക്കളെ അറസ്റ്റ് ചെയ്‌തത്.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കുമെന്ന അജ്ഞാത ഭീഷണി സന്ദേശം കൂടി വന്നതോടെ കപ്പലിന്‍റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കപ്പൽശാലയിലെ ചില ജീവനക്കാരുടെ പേരും സ്ഥാനവും ഭീഷണി കത്തിൽ പരാമർശിച്ചതിനാൽ ഇതിനുപിന്നിൽ ഇവിടുത്തെ ജീവനക്കാരാണോയെന്നും അന്വേഷണ വിധേയമാക്കും. തൊഴിൽ തർക്കങ്ങളുടെ ഭാഗമായുള്ള വൈരാഗ്യം തീർക്കൽ മാത്രമാണോയെന്നും പൊലീസ് പരിശോധിക്കും.
Read more: ഐഎന്‍എസ് വിക്രാന്ത് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം; പൊലീസ് കേസെടുത്തു