എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് (29.01.22) മാറ്റി. ശനിയാഴ്‌ച രാവിലെ 11 മണിക്ക് ഹര്‍ജി കോടതി പരിഗണിക്കും.
പ്രതികൾ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളേണ്ടിവരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതിയായ നടൻ ദിലീപ് തന്‍റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു.
'ഫോണ്‍ കൈമാറുന്നതിന്‍റെ ആശങ്കയെന്തിന്'
ഫോൺ കൈമാറുന്നതിൽ ആശങ്കയെന്തിനാണെന്ന് ചോദിച്ച കോടതി തെളിവുകൾ ഹാജരാക്കാൻ ദിലീപിന് ബാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ കൈമാറാതിരുന്നത് ശരിയല്ല. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍റെ ആരോപണം ഗൗരവമുള്ളതെന്നും കോടതി ചൂണ്ടികാട്ടി.
ഈ ഘട്ടത്തിൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറാൻ കഴിയില്ലന്ന് ദിലീപ് കോടതിയെ അറിയിച്ചു. തന്‍റെ മുൻ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ട്. അവർ ഈ കേസിലെ സാക്ഷി കൂടിയാണ്. സംവിധായകൻ ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തതിന്‍റെ തെളിവുകൾ ഈ ഫോണിലുണ്ട്. പൊലീസ് നടപടി സുപ്രീം കോടതി വിധികൾക്കെതിരാണ്. സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണ്.
ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന തന്‍റെ അഭിഭാഷകൻ രാമൻ പിള്ളയുടെ വാദം കൂടി കേൾക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. ഫോൺ സൈബർ വിദഗ്‌ധന് അയയച്ചിരിക്കയാണെന്ന ദിലീപിന്‍റെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഫോൺ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറി കൂടെയെന്ന് കോടതി ചോദിച്ചു.
'സ്വകാര്യ വിവരങ്ങള്‍ പുറത്ത് വിടില്ല'
അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ഫോണിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നത്. ദിലീപിന്‍റെ സ്വകാര്യതയെ മാനിക്കുന്നു. സ്വകാര്യ വിവരങ്ങള്‍ പുറത്ത് വിടില്ല. ഫോൺ ഹാജരാക്കാൻ കൂടുതല്‍ സമയം നല്‍കരുത്. അത് അപകടകരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അന്വേഷണവുമായി സഹകരിക്കാത്ത പ്രതികൾക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഫോൺ പരിശോധനക്ക് നൽകിയ സ്ഥലം ദിലീപിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി നാളെ രാവിലെ പതിനൊന്ന് മണിക്ക് പരിഗണിക്കാനായി കോടതി മാറ്റി.
Also read: ദിലീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഹാജരാക്കിയത് പുതിയ ഫോൺ, പഴയ ഫോണുകൾ ഹാജരാക്കാൻ നോട്ടീസ്