കണ്ണൂർ : കേരള പൊലീസ് സമീപകാലത്ത് ജനങ്ങൾക്ക് അപമാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. ഡിസിസി സെക്രട്ടറിയും, നഗരസഭ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സണുമായ നബീസ ബി.വി.യുടെ വീടിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് മുമ്പിൽ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് രാത്രിയാണ് വീടിന് നേരെ ബോംബേറുണ്ടായത്. രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരുവിധ അന്വേഷണവും നടന്നില്ലെന്നും പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
also read: തളിപ്പറമ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
പിണറായി വിജയന് ഭരണത്തുടര്‍ച്ച ഉണ്ടായതുകൊണ്ട് ഇത്തരം നീതിനിഷേധങ്ങള്‍ ആവാമെന്ന ധാരണ പൊലീസ് മാറ്റണം. പ്രതിയാരെന്ന് പൊലീസിന് അറിയാം.
ഭരണകക്ഷിയുടെ ആളായതുകൊണ്ട് സംരക്ഷിക്കാം എന്ന നിലപാടാണ് പൊലീസിനെങ്കിൽ ഇതിൽ കൂടുതൽ കടുത്ത സമരവുമായി കോൺഗ്രസ് മുന്നോട്ടുപോകും. അതിനുള്ള ശിക്ഷ എന്തായാലും സ്വീകരിക്കുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.
also read: തളിപ്പറമ്പിലെ ബോംബേറ്; പ്രതികളെ പിടികൂടാനായില്ല, പ്രതിഷേധം ശക്തം
അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സമരത്തിൽ പങ്കെടുത്ത സതീശൻ പാച്ചേനി അടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.