കണ്ണൂർ: എം. ശിവശങ്കര്‍ അറസ്റ്റിലായ സാഹചര്യത്തിൽ കൂട്ടുപ്രതിയായ മുഖ്യമന്ത്രി അടിയന്തരമായി രാജിവയ്ക്കണമെന്ന് ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസം കഴിയുമ്പോഴും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. സിപിഎം പിബിയും സംസ്ഥാന നേതൃത്വവും ഇപ്പോൾ നിലപാട് വ്യക്തമാക്കണം. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഇതുവരെ മുഖ്യമന്ത്രി ശ്രമിച്ചത്. ഇനിയത് നടക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
കാരാട്ട് റസാഖിന്‍റെ പങ്ക് പുറത്ത് വന്നതോടെ സിപിഎം നേതൃത്വത്തിലേക്കും അന്വേഷണം നീളുകയാണ്. ശിവശങ്കര്‍ സത്യം പറഞ്ഞാൽ മുഖ്യമന്ത്രി രാജി വയ്ക്കേണ്ടിവരും. ഷാർജ ഭരണാധികാരി വരുമ്പോൾ ചട്ടം പഠിപ്പിക്കാൻ സ്വപ്നയെ നിയമിച്ചത്, മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ട്യൂഷൻ ടീച്ചറായത് കൊണ്ടാണെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നവംബർ ഒന്നിന് ദേശീയ പാതയിൽ നിൽപ്പ് സമരം സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് നിൽപ്പ് സമരം.