കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈം ബ്രാഞ്ച് സംഘം സമർപ്പിച്ച കുറ്റപത്രം സംബന്ധിച്ച് ആക്ഷേപം. പ്രധാന പ്രതി പീതാംബരന്‍റെ ഭാര്യയും, സി പി എം നേതാവ് വി പി പി മുസ്തഫയെയും അടക്കം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
കഴിഞ്ഞ മാസം 20ന് ഹൊസ്ദുർഗ്ഗ് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിനെതിരെയാണ് ആക്ഷേപം. 229 സാക്ഷികളുള്ള കേസിൽ പ്രധാന പ്രതിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ പീതാംബരന്‍റെ ഭാര്യ മഞ്ചു 155-ാം സാക്ഷിയാണ്. കല്ല്യോട്ട് വിവാദമായ കൊലവിളി പ്രസംഗം നടത്തിയ സി പി എം നേതാവ് വി പി പി മുസ്തഫയാണ് കേസിലെ 154-ാം സാക്ഷി. ഇവർക്ക് പുറമെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപണ വിധേയരായ വത്സരാജിനെയും, ശാസ്ത ഗംഗാധരനെയും ക്രൈംബ്രാഞ്ച് സംഘം സാക്ഷികളാക്കിയിട്ടുണ്ട്. കേസിൽ റിമാന്റിലുള്ള പ്രതി ഗിജിന്‍റെ പിതാവ് ശാസ്ത ഗംഗാധരൻ കുറ്റപത്രത്തിലെ 84-ാം സാക്ഷിയാണ്. പ്രതികളുമായുള്ള അടുത്ത ബന്ധം മൂലം കേസിന്‍റെ വിചാരണ ഘട്ടത്തിൽ ഇവരിൽ പലരും കൂറുമാറാൻ സാധ്യതയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നത് കേസിനെ ദുർബ്ബലപ്പെടുത്തും.
കൊലയുടെ പ്രധാന ആസൂത്രകനും, കേസിലെ പ്രധാന പ്രതിയുമായ പീതാംബരനെ സംബന്ധിച്ച വിശദാംശങ്ങളും തെറ്റായാണ് കുറ്റപത്രത്തിൽ നൽകിയിരിക്കുന്നത്.സി പി എം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന പീതാംബരൻ പെരിയ ഏരിയ കമ്മറ്റി അംഗമെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. കേസ് സി ബി ഐക്ക് വിടണമെന്ന ബന്ധുക്കളുടെ ആവശ്യം നാളെ പരിഗണിക്കുന്ന ഘട്ടത്തിൽ കുറ്റപത്രം സംബന്ധിച്ച ആശങ്ക ഹൈക്കോടതിയെ ധരിപ്പിക്കാനാണ് തീരുമാനം.