കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി. കേസ് എഡിജിപി ജയരാജിന്‍റെ മേൽനോട്ടത്തിൽ പുതിയ സംഘം അന്വേഷിക്കും. തളിപ്പറമ്പ ഡിവൈഎസ്‌പി ടികെ രത്‌നകുമാറിനാണ് അന്വേഷണ ചുമതല. കുറ്റപത്രം സമര്‍പ്പിക്കാത്തതിന്‍റെ ആനുകൂല്യത്തില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്. കേസന്വേഷണത്തിന് വേഗം കൂട്ടി എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഈ വർഷം മാർച്ചിലാണ് പാലത്തായിയിലെ സ്കൂളിൽ വെച്ച് പതിമൂന്നുകാരിയെ ബിജെപി പ്രവർത്തകനായ അധ്യാപകൻ പദ്‌മരാജൻ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. തുടര്‍ന്ന് തലശ്ശേരി ഡിവൈഎസ്‌പിയായിരുന്ന കെവി വേണുഗോപാൽ ഇയാളെ അറസ്റ്റ് ചെയ്തു. കുറ്റപത്രം സമര്‍പ്പിക്കാത്തത് കണക്കിലെടുത്ത് 90 ദിവസത്തിന് ശേഷം പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് കേസ് വിവാദമായത്.
രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ സംഘം ഫയലുകൾ പരിശോധിക്കുകയും പാലത്തായി സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുകയും ചെയ്തു. കേസിൽ കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ തെളിവുകൾ ശേഖരിച്ച് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാകും പോലീസ് ശ്രമിക്കുക. കൂത്തുപറമ്പ് സിഐ ബിനുമോഹൻ, മട്ടന്നൂർ സിഐ എം. കൃഷ്ണൻ, തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫിസിലെ എൻകെ ഗിരീഷ് എന്നിവരടങ്ങിയതാണ് പുതിയ അന്വേഷണസംഘം.