കണ്ണൂർ: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ ഇത്തവണ ദേശീയപതാക ഉയരുക ഏറെ വ്യത്യസ്‌തകളോടെയാണ്. പതിവിൽ നിന്ന് വിഭിന്നമായി ഇത്തവണ ഓഗസ്റ്റ് 13 മുതല്‍ ദേശീയപതാക ഉയരും. ദേശീയപതാക സൂര്യോദയത്തിന് ശേഷം മാത്രം ഉയർത്തി സൂര്യാസ്‌തമയത്തിന് മുമ്പ് താഴ്ത്തി സുരക്ഷിതമായി വയ്ക്കണമെന്നായിരുന്നു ഇതുവരെയുള്ള നിയമം.
ഈ വര്‍ഷം ജനുവരിയില്‍ ദേശീയപതാകച്ചട്ടം കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തതോടെ യന്ത്രം ഉപയോഗിച്ചും പോളിസ്റ്ററിലും ഇനി പതാക നിര്‍മിക്കാനാകും. 1947 ജൂലൈ 22നാണ് ഭരണഘടന സമിതി ദേശീയപതാകയ്ക്ക് അംഗീകാരം നൽകുന്നത്. ദേശീയപതാക നിർമിക്കാനും വിതരണം ചെയ്യാനുമുള്ള ഔദ്യോഗിക അധികാരം കർണാടകയിലെ ഹൂബ്ലിയിലുള്ള കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘത്തിനാണ് നല്‍കിയത്.
കൈ കൊണ്ട് നൂൽ നൂറ്റ് അതിൽ നിന്നെടുത്ത കോട്ടൺ, സിൽക്ക് ഖാദി എന്നിവയിൽ നിന്ന് ഇവിടത്തെ ഖാദി തൊഴിലാളികള്‍ രൂപപ്പെടുത്തിയെടുത്ത പതാകയ്ക്ക് മാത്രമായിരുന്നു ഇതുവരെ അംഗീകാരമുണ്ടായിരുന്നത്. എന്നാല്‍ യന്ത്ര നിർമിതമോ പോളിസ്റ്ററിലോ ഉള്ള പതാകയ്ക്കുള്ള വിലക്ക് കേന്ദ്രസർക്കാർ പിൻവലിച്ചതോടെ ഖാദി മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
കേരളത്തില്‍ ഹൂബ്ലി പതാകകള്‍ ഏറ്റവും കൂടുതൽ എത്തുന്നത് പയ്യന്നൂർ ആസ്ഥാനമായുള്ള ഫർക്ക ഗ്രാമോദ്യോഗ് സംഘത്തിലാണ്. മറ്റ് പതാകകളെക്കാൾ ഹൂബ്ലി പതാകകൾക്ക് വില കൂടുതലാണെന്നതിനാല്‍ പോളിസ്റ്റര്‍ തുണിയില്‍ നിര്‍മിച്ച പതാകകള്‍ കൂടി വിപണിയില്‍ എത്തുന്നത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് ഖാദി മേഖലയിലുള്ളവര്‍.
Also read: 'സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം': മുഖ്യമന്ത്രി