കണ്ണൂർ: മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമായ കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം നിഷ്‌പക്ഷമാണ്. ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
പൊലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടാൽ ആ വഴിക്ക് നീങ്ങും. ഇൻഡിഗോയെ ഇൻ്റലിജൻസ് പ്രതിഷേധ വിവരമറിയിച്ചിരുന്നുവെന്നും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിലക്കണമായിരുന്നുവെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. അക്രമികളെ കോൺഗ്രസ് സംരക്ഷിക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു.
പ്രതിപക്ഷം സ്വന്തം ദൗത്യമല്ല അക്രമികളുടെ ദൗത്യമാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെ എന്തിന് കേസെടുക്കണമെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ വിമാന യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന്‍റെ പേരില്‍ യാത്ര വിലക്ക് നേരിടുന്ന ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
Also read: ശബരിനാഥന്‍റെ അറസ്റ്റ്: പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍; നടപടി വ്യാജരേഖ ചമച്ചെന്ന് ആരോപണം