കണ്ണൂർ : കേന്ദ്ര കമ്മിറ്റിയിലേക്ക് 15 വനിതകളെ തെരഞ്ഞെടുത്തത് പെട്ടെന്നുണ്ടായ മാറ്റമല്ലെന്ന് പി സതീദേവി. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം രണ്ടായിരത്തില്‍ പരം സ്‌ത്രീകളെ ബ്രാഞ്ച് സെക്രട്ടറിമാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി അംഗത്വത്തിലേക്ക് 25 ശതമാനം സ്‌ത്രീകളെ അണിനിരത്തുന്ന പ്രവര്‍ത്തനത്തിലാണ് കേരളത്തില്‍ സിപിഎം ഏര്‍പ്പെട്ടിട്ടുള്ളതെന്നും പി സതീദേവി പറഞ്ഞു.
സിപിഎം എക്കാലത്തും സ്‌ത്രീകള്‍ക്ക് വേണ്ടി മുന്നോട്ട് വന്നിട്ടുണ്ട്. സ്‌ത്രീ പ്രശ്‌നങ്ങള്‍ സാമൂഹ്യ പ്രശ്‌നങ്ങളായി കൈകാര്യം ചെയ്യപ്പെടണമെന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടുകയും സ്‌ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി സതീദേവി പറഞ്ഞു.
Also read: യെച്ചൂരിക്ക് മൂന്നാമൂഴം; എ വിജയരാഘവന്‍ പിബിയില്‍, സിസിയില്‍ കേരളത്തിൽ നിന്ന് നാലു പുതുമുഖങ്ങൾ
സ്‌ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന സിപിഎം നല്‍കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര കമ്മിറ്റിയില്‍ 15 വനിതകളെ ഉള്‍പ്പെടുത്തിയതെന്ന് സി.എസ് സുജാത പ്രതികരിച്ചു. ബ്രാഞ്ച് സെക്രട്ടറി തലം മുതല്‍ കൂടുതല്‍ വനിത പ്രാതിനിധ്യമുണ്ട്. രക്തസാക്ഷികളുടെ മണ്ണില്‍ നിന്ന് വന്ന തനിക്ക് ലഭിച്ച അവസരം സത്യസന്ധമായും ആത്മാര്‍ഥമായും നിര്‍വഹിക്കുമെന്ന് സി.എസ് സുജാത പറഞ്ഞു.
പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുമെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കൂടുതല്‍ മുന്നേറ്റമുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തനമുണ്ടാകും. കൂടുതല്‍ കാര്യങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് കേന്ദ്ര കമ്മിറ്റി പ്രതീക്ഷിക്കുന്നതെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.