കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ തുടക്കം. കണ്ണൂര്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ രാവിലെ ഏഴു മണിക്ക് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെ കായികമേളക്ക് തുടക്കമാകും.
ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തും. ഒളിമ്പിക്‌സ് താരം ടിന്‍റു ലൂക്ക മേളയുടെ ദീപശിഖ തെളിയിക്കും. ഉച്ചക്ക് മൂന്നരക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്‍റെ അധ്യാക്ഷതയില്‍ കായിക മന്ത്രി ഇ.പി. ജയരാജന്‍ മേള ഉദ്ഘാടനം ചെയ്യും. 98 ഇനങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികള്‍ മേളയില്‍ പങ്കെടുക്കും. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കായികമേളക്ക് കണ്ണൂര്‍ വേദിയാകുന്നത്. ഇതിന് മുമ്പ് 2003 ല്‍ 47-മത് മീറ്റിനാണ് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ട് വേദിയായത്.