കണ്ണൂർ: സർവകലാശാലാ വിസിയുടെ പുനർ നിയമനം ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. സർക്കാറിനോട് വിശദീകരണം തേടിയ ഡിവിഷൻ ബെഞ്ച് ചാൻസിലറായ ഗവർണർ ഉൾപ്പടെയുള്ള എല്ലാവർക്കും നോട്ടീസ് അയച്ചു. ഗവർണർക്ക് പ്രത്യേക ദൂതൻ വഴിയായിരിക്കും നോട്ടീസ് നൽകുക. അപ്പീൽ മൂന്നാഴ്‌ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കണ്ണൂർ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനം ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഹർജിയിൽ ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമില്ലെന്ന വാദമാണ് പ്രധാനമായും ഉന്നയിച്ചത്.
അതിനാൽ യു.ജി.സി മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന്‍റെ വിലയിരുത്തൽ ശരിയല്ല. അറുപത് വയസ് കഴിഞ്ഞയാളെ വി.സിയായി നിയമിക്കാനാകില്ലെന്നാണ് ചട്ടം. പുനർ നിയമന കാര്യത്തിൽ പ്രായം ബാധകമാണെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.
READ MORE: കണ്ണൂർ സർവകലാശാല വിസി നിയമനം: ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് കെഎസ്‌യു
വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഹെക്കോടതിൽ അപ്പീൽ സമർപ്പിച്ചത്. വിസി നവംബർ 23 ന് വിരമിക്കേണ്ടതായിരുന്നു. പുതിയ വിസിയെ തെരഞ്ഞെടുക്കന്നതിന് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയെങ്കിലും പിൻവലിച്ച് ഗോപിനാഥ് രവീന്ദ്രനെ തുടരാൻ അനുവദിച്ചെന്ന് ഹർജിയിൽ പറയുന്നു.
വിജ്ഞാപനം പിൻവലിച്ചത് പ്രോ വിസിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണന്നും പിന്നീടാണിത് പുറത്തു വന്നതെന്നും ഹർജിക്കാർ പറഞ്ഞു. കൂടാതെ ഇടപെടൽ നിയമവിരുദ്ധമാണന്നും വിസിയെ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.