കണ്ണൂർ: ജില്ലയില്‍ ജൂലൈ 28 മുതൽ വാക്‌സിനേഷന് കൊവിഡ് നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാണെന്ന് ജില്ല കലക്‌ടർ ടിവി സുഭാഷ്. ആന്‍റിജന്‍, ആർടിപിസിആർ പരിശോധനകളിലേതെങ്കിലുമൊന്ന് നടത്തിയാല്‍ മതിയെന്നും പരിശോധന സൗജന്യമായിരിക്കുമെന്നും കലക്‌ടർ അറിയിച്ചു.
വാക്‌സിനേഷൻ കേന്ദ്രത്തില്‍ തന്നെ ആന്‍റിജൻ പരിശോധന നടത്താനുള്ള സൗകര്യം ഏർപ്പെടുത്തും. ആർടിപിസിആറിന് സർക്കാർ പരിശോധന സൗകര്യം ഉപയോഗിക്കാം. 15 ദിവസം മുൻപെങ്കിലും കുറഞ്ഞത് പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നും ഇത് കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ ദിവസം നടപ്പിലാക്കിയിട്ടുണ്ടെന്നും ജില്ല കലക്‌ടര്‍ വ്യക്തമാക്കി.
കൊവിഡ് പോസിറ്റീവായവർ പ്രതിരോധ കുത്തിവയ്പ്പെടുത്താലും അതിന്‍റെ പ്രയോജനം ലഭിക്കില്ലെന്നും തൊഴിലിടങ്ങളിലും കടകളിലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. ജില്ലയിൽ വാണിജ്യ മേഖലകളും വിവിധ തൊഴിൽ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയാണ്.
കൊവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂർവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ പദ്ധതി.
Also read: ഒരു തുള്ളി പോലും പാഴാക്കുന്നില്ല, കിട്ടിയതിനേക്കാളും അധികം വാക്‌സിൻ നൽകുന്നുണ്ട്: ആരോഗ്യമന്ത്രി