കണ്ണൂർ: കൊവിഡ് ബാധയെ തുടർന്ന് ട്രിപ്പിൾ ലോക്കിലായ ജില്ലയില്‍ മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്‌തതില്‍ ആശങ്ക. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്‌ക് അറിയിച്ചു. ജില്ലയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്ന ഹെപ്പറ്റൈറ്റിസ് എ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്.
ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്ന് ഡി.എം.ഒ പറഞ്ഞു. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 15 ദിവസം മുതല്‍ 50 ദിവസം വരെയെടുക്കും.
ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, പഴകിയതും ആഹാരം കഴിക്കാതിരിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കിണര്‍ മൂടി സൂക്ഷിക്കുക, ക്ലോറിനേറ്റ് ചെയ്യുക എന്നിവയിലും ശ്രദ്ധ വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.