കണ്ണൂർ: കണ്ണൂർ പാത്തിപ്പാലത്ത് ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ അച്ഛന്‍ ഷിജുവിനെതിരെ കതിരൂർ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തന്നേയും മകളെയും ഷിജു തളളിയിട്ടുവെന്ന് സോന പൊലീസിന് മൊഴി നൽകി. ഇവരുടെ ഒന്നര വയസുള്ള മകൾ അൻവിതയുടെ മൃതദേഹം ഇന്നലെ രാത്രിയാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷിജുവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
മൂന്നുപേരും പാത്തിപ്പാലത്ത് ഒരുമിച്ചെത്തുകയും ഷിജു സോനയെയും മകളെയും പുഴയിലേയ്ക്ക് തള്ളിയിടുകയുമായിരുന്നുവെന്നാണ് സോന മൊഴി നൽകിയിരിക്കുന്നത്. ആറ് മണിയോടെയാണ് മൂവരും പാത്തിപ്പാലത്ത് എത്തിയതെന്ന് ദൃക്‌സാക്ഷികളും പറയുന്നുണ്ട്.
സോനയേയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. സോനയെ നാട്ടുകാർ രക്ഷപ്പെടുത്തി. സോനയാണ് മകളെ കാണാതായ വിവരം നാട്ടുകാരോട് പറയുന്നത്. തുടർന്ന് കുഞ്ഞിനായുള്ള തിരച്ചിൽ തുടങ്ങുകയായിരുന്നു.
Also read: 'സാമ്പാറിന് ടേസ്റ്റില്ല' ; 24 കാരന്‍ അമ്മയെയും സഹോദരിയെയും വെടിവച്ച് കൊന്നു