കണ്ണുർ: കണ്ണൂർ ചക്കരക്കല്ലിലെ റഈസയുടെ വീട്ടുമുറ്റത്തെത്തുന്നവര്‍ ഒരു നിമിഷം പഴയ ഓര്‍മകളിലേക്ക് തിരികെ പോകും. അതിന് കാരണവുമുണ്ട്. റഈസയുടെ മുറ്റം നിറയെ ഗൃഹാതുരതയുടെ സുഗന്ധം പരത്തി നില്‍ക്കുന്ന നാടൻ ചെടികളാണ്.
ചെമ്പരത്തിയും ചെണ്ടുമല്ലിയും കുടമുല്ലയും പനിനീരും തെച്ചിയും കോളമ്പിയും നാല് മണിപ്പൂവും ഒക്കെയായി ഒരു പൂക്കാലം തന്നെയാണ് റഈസയുടെ വീട്ടുമുറ്റത്തുള്ളത്. കലാത്തിയ, അഡീനിയം, ഗ്രൗണ്ട് ഓർക്കിഡ്, അഗ്ലോണിയ, സെഡ് പ്ലാന്‍റ്, ഫെർൻസ്, പോത്തോസ്, കാലേഡിയം, എപീസിയ, ആഗ്ലോനിമ, വിൻക, ജർബറ, ഡാലിയ, ബോഗൻ വില്ല തുടങ്ങിയ വിദേശികളും കൂട്ടത്തിലുണ്ട്.
മിറാക്കിൾ പഴം, പീനട്ട് ബട്ടർ, ആപ്പിൾ, മുട്ടപ്പഴം, സീതപ്പഴം, മൾബറി, സ്ട്രോബറി തുടങ്ങിയ ഫ്രൂട്ട് പ്ലാന്‍റുകളും തന്‍റെ വീട്ടു വളപ്പില്‍ റഈസ വളര്‍ത്തുന്നുണ്ട്. കക്കാട് വഫിയ്യ കോളേജ് പ്രിൻസിപ്പൽ ആയ റഈസക്ക് ഉദ്യാന പാലനം വിനോദത്തിനും വിപണനത്തിനും പുറമേ പ്രകൃതിയിലേക്കുള്ള അലിഞ്ഞു ചേരലാണ്. എല്ലാ വിധ പിന്തുണയുമായി ഭർത്താവ് മുഈനുദ്ധീൻ എടയന്നൂരും മക്കൾ മിൻഹാ ഹുസ്‌നയും മുഹമ്മദ് ഫത്തീനും കൂടെയുണ്ട്.
Also read: തോവാളയിലും ആപ്പിള്‍ കൃഷിയില്‍ വിജയം