കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്തെ കെ.ജി മാരാര്‍ സ്‌മൃതി കുടീരത്തിന് മുന്നിൽ നായയുടെ ജഡം കത്തിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെയാണ് സ്‌മൃതി കുടീരത്തിന് മുന്നിൽ അസ്ഥിക്കഷ്‌ണങ്ങളും കത്തിക്കാൻ ഉപയോഗിച്ച വിറകിന്‍റെ അവശിഷ്‌ടങ്ങളും കണ്ടത്.
സംഭവത്തിൽ കോർപ്പറേഷനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കണ്ണൂർ കോർപ്പറേഷന്‍റെ അനാസ്ഥയാണ് ഇതരത്തിലൊരു സംഭവത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ആരോപിച്ചു.
എന്നാല്‍ ബിജെപി അനാവശ്യമായി രാഷ്ട്രീയം കലർത്തി സംഭവം വിവാദമാക്കുകയാണെന്നും ഇതിന് പിന്നിലെ സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്താൻ എല്ലാവരും ഒന്നിക്കുകയാണ് വേണ്ടതെന്നും മേയര്‍ ടി.ഒ മോഹനൻ പ്രതികരിച്ചു.
സ്‌മൃതി കുടീരത്തിന് മുന്നിൽ വിറക് തടികൾ കൂട്ടിയിട്ടത് മാരാരെ അപമാനിക്കാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മരത്തടികൾ ഉടന്‍ നീക്കം ചെയ്യാന്‍ മേയർ നിർദേശം നൽകി.