കണ്ണൂർ: പയ്യന്നൂർ കാങ്കോലിൽ സിഐടിയു അംഗത്വമെടുക്കാത്തതിന് ഓട്ടോ ഡ്രൈവർക്ക് വിലക്കേർപ്പെടുത്തിയതായി പരാതി. അർബുദ രോഗിയായ എം.കെ രാജനാണ് തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന പരാതിയുമായി രംഗത്ത് വന്നത്.
28 വർഷം പയ്യന്നൂർ നഗരത്തിൽ ഓട്ടോ ഓടിച്ചാണ് കാങ്കോല്‍ സ്വദേശി എം.കെ രാജൻ ഉപജീവന മാർഗം കണ്ടെത്തിയത്. മൂന്ന് വർഷം മുൻപ് രക്താർബുദം വന്നതോടെ ഈ അമ്പത്തിയാറുകാരന്‍റെ ജീവിതമാകെ തകിടം മറിഞ്ഞു. മലബാർ ക്യാൻസർ സെൻ്ററിൽ സഹോദരൻ്റെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് നിലവിൽ ചികിത്സ. ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയാണ്.
പുതിയൊരു ഓട്ടോറിക്ഷ വാങ്ങി കാങ്കോലിൽ ഓടാൻ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കാങ്കോലിൽ തന്നെയാണ് വണ്ടിയുടെ പെർമിറ്റും. എന്നാൽ പയ്യന്നൂരിൽ ഐഎന്‍ടിയുസി യൂണിയനിൽ മെമ്പറായിരുന്ന രാജന് കാങ്കോലിൽ ഓടണമെങ്കിൽ സിഐടിയു അംഗത്വമെടുക്കണമെന്നാണ് സിഐടിയു തൊഴിലാളികൾ പറയുന്നത്.
അപേക്ഷ നൽകിയിട്ട് ആറ് മാസത്തിലേറെയായെങ്കിലും സിഐടിയു ഓട്ടോ ഓടാനുള്ള അനുവാദം നൽകിയില്ലെന്ന് രാജൻ പറയുന്നു. പ്രശ്‌ന പരിഹാരത്തിനായി പയ്യന്നൂർ ഡിവൈഎസ്‌പിയുടെ നിർദേശ പ്രകാരം പെരിങ്ങോം സിഐ ചർച്ച നടത്തിയിരുന്നു. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. എന്നാൽ പരിഹാരം മാത്രമുണ്ടായില്ലെന്ന് രാജൻ പറയുന്നു.
Also read: വീണ്ടും വീഴ്‌ച; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ 17 കാരി ഓടുപൊളിച്ച് ചാടിപ്പോയി