കണ്ണൂർ: ദേശീയ പാത കടന്നുപോകുന്ന പയ്യന്നൂർ-പെരുമ്പ പാലം ശോചനീയാവസ്ഥയില്‍. പാലത്തിലെ റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ ടാറും മെറ്റലും അടര്‍ന്ന് കുഴികള്‍ രൂപപ്പെട്ടു. മഴക്കാലമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞത് മൂലം ഭീതിയോടെയാണ് ഇരുചക്ര വാഹന യാത്രികര്‍ ഉള്‍പ്പെടെ പാലത്തിലൂടെ യാത്ര ചെയ്യുന്നത്.
ദീർഘദൂര സർവീസ് നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ ദിവസേന ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നിലവിലെ അവസ്ഥ മൂലം പെരുമ്പ പാലത്തിലും സമീപത്തുള്ള പയ്യന്നൂർ നഗരത്തിലും ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ആംബുലൻസ് പോലുള്ള അടിയന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ ഇത്തരം ഗതാഗത കുരുക്കിൽ പെടുന്നതും പതിവായിട്ടുണ്ട്.
പുതിയ ആറുവരിപ്പാത പദ്ധതിയിൽ ഈ പാലം ഉൾപ്പെടാത്തതാണ് അറ്റകുറ്റ പണികൾ വൈകാൻ കാരണമെന്നാണ് ആക്ഷേപം. അടിയന്തരമായി പാലത്തിന്‍റെ കേടുപാടുകൾ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.