വയനാട്: സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിക്ക് ശക്തിപകർന്ന് കാർഷിക സർവകലാശാലയുടെ വയനാട് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം. വിത്തുല്‍പാദനം ലക്ഷ്യമിട്ട് അഞ്ച് ഹെക്ടർ സ്ഥലത്ത് നെൽകൃഷിയിറക്കിയിരിക്കുകയാണ് അമ്പലവയൽ ഗവേഷണ കേന്ദ്രം. ജീരകശാല, ഗന്ധകശാല, ഞവര, ആതിര, ഉമ, പൗർണമി, കുറിയ ഗന്ധകശാല, മനുരത്ന, ദീപ്തി എന്നീ ഇനങ്ങളാണ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം അഞ്ച് ഹെക്ടറിൽ കൃഷി ചെയ്യുന്നത്.
ഒപ്പം രണ്ടേക്കർ സ്ഥലത്ത് കരനെൽകൃഷിയുമുണ്ട്. വൈശാഖ്, മട്ടത്രിവേണി എന്നീ ഇനങ്ങളാണ് കരയിൽ കൃഷി ചെയ്യുന്നത്. രണ്ടു പൂ കൃഷി ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. കർഷകർക്ക് നൽകാനാണ് വിത്ത് ഉൽപ്പാദിപ്പിക്കുന്നത്. കൊയ്ത്തിനു ശേഷം പാടത്ത് വിത്തുല്‍പാദനം ലക്ഷ്യമിട്ട് തന്നെ പയർ വർഗ വിളകളും പച്ചക്കറിയും കൃഷി ചെയ്യും.