വയനാട്: നിലമ്പൂർ അതിർത്തിയിലെ വനമേഖലയിൽ തേൻ ശേഖരിക്കാൻ പോയ സംഘത്തിലെ പിഞ്ചു കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം. പരപ്പൻപാറ ചോലനായ്‌കർ കോളനിയിലെ രാജൻ (47), നിലമ്പൂർ കുമ്പപ്പാറ കോളനിയിലെ സുനിലിന്‍റെ ആറ് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മരത്തിൽ നിന്ന് തേൻ ശേഖരിക്കുന്നതിനിടെ രാജൻ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ഇത് കണ്ട് പേടിച്ച് ഓടിമാറിയ ബന്ധുവായ യുവതിയുടെ കയ്യിലുണ്ടായിരുന്ന കുട്ടി കയ്യിൽ നിന്ന് വഴുതി കാട്ടരുവിയിലെ പാറക്കെട്ടിലേക്ക് തെറിച്ച് വീണ് മരിക്കുകയായിരുന്നു.
ഉൾവനത്തിൽ നടന്നതിനാൽ സംഭവം പുറം ലോകമറിയാനും വൈകി. പൊലീസ് അപകടസ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും ഉൾവനത്തിൽ നിന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.