ആലപ്പുഴ: ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മാനസിക ആരോഗ്യ പരിപാലനമെന്നും മാനസിക ആരോഗ്യ നിയമത്തെ കുറിച്ച് പൊതുജനാവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും ജില്ലാ കലക്ടർ എ. അലക്സാണ്ടർ. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഈ സമയത്ത് ജാഗ്രത കൊണ്ടുവരാനും മനപ്പൂർവം തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാനുമാണ് "കരുതാം ആലപ്പുഴയെ" ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലാ സാമൂഹിക നീതി വകുപ്പും ലോ ആൻഡ് ജസ്റ്റിസ് റിസേർച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ.
ജില്ലാ സാമൂഹിക നീതി ഓഫിസർ അഭീൻ എ.ഒ അധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവും നിയമവിഭാഗം മേധാവിയുമായ പ്രൊഫ. ബിസ്മി ഗോപാലകൃഷ്ണൻ, ഗവ. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പല്‍ ഡോ.സൈറു ഫിലിപ്പ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. 'മാനസിക ആരോഗ്യ നിയമത്തിന്‍റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ' പ്രൊഫ ബിസ്മി ഗോപാലകൃഷ്ണനും കൊവിഡ് കാലഘട്ടത്തിലെ മാനസികാരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ ഡോ. സൈറു ഫിലിപ്പും ക്ലാസെടുത്തു.