ആലപ്പുഴ: ആത്മഹത്യ ഭീഷണിമുഴക്കി ബിഎസ്എൻഎൽ ടവറിന് മുകളിലേക്ക് കയറിയ യുവതിയെ കടന്നൽ കുത്തി താഴെയിറക്കി. കായംകുളം ബിഎസ്എൻഎൽ ഓഫീസിന് പരിസരത്തെ ടവറിലാണ് ഭർത്താവിനൊപ്പമുള്ള കുട്ടിയെ വിട്ടുകിട്ടണം എന്നതായിരുന്നു ആവശ്യവുമായി തമിഴ്‌നാട് സ്വദേശിനിയായ യുവതി കയറിയത്. എന്നാൽ കടന്നലിന്‍റെ കുത്തേറ്റതോടെ യുവതി നിലവിളിച്ചികൊണ്ട് സ്വയം താഴേക്ക് ഇറങ്ങുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പെട്രോൾ നിറച്ച കുപ്പിയുമായി യുവതി ആത്മഹത്യ ഭീഷണി മുഴക്കി ടവറിന് മുകളിലേക്ക് കയറിയത്. ഇത് ബിഎസ്എൻഎൽ ജീവനക്കാർ പൊലീസിനെയും ഫയർഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
ഇതിനിടെ യുവതിയുടെ കൈവശമുണ്ടായിരുന്ന പെട്രോൾ കുപ്പി താഴേക്ക് വീണു. ഇതോടെ യുവതി കൂടുതൽ ഉയരത്തിലേക്ക് കയറാൻ തുടങ്ങി. മുകളിൽ കടന്നൽ ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടും യുവതി കൂട്ടാക്കിയില്ല. ഇതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ടവറിന് ചുറ്റും വലവിരിച്ച് മുൻകരുതലെടുത്തു.
യുവതി മുകളിലേക്ക് എത്തിയതോടെ കടന്നൽക്കൂട്ടം ഇളകി. കടന്നൽ ആക്രമിച്ച് തുടങ്ങിയതോടെ യുവതി നിലവിളിച്ചുകൊണ്ട് താഴേക്ക് ഇറങ്ങുകയായിരുന്നു. കടന്നലിന്‍റെ ആക്രമണത്തിൽ യുവതിക്കും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിറ്റുണ്ട്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.