ആലപ്പുഴ: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ 47 വർഷമായി നിയമപ്രകാരം നടന്നുവന്ന രീതിയെ ചോദ്യം ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിയെന്തെന്ന് അറിയാമെന്നും അതെന്താണെന്ന് അന്വേഷിച്ചാൽ മനസിലാവുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാകും മുമ്പേ ഇങ്ങനെ തന്നെയായിരുന്നു വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നുവന്നത്. 1966ൽ അന്നത്തെ ജനറൽ സെക്രട്ടറി പ്രൊഫ. പി.എസ് വേലായുധൻ മുൻകൈയെടുത്താണ് പ്രാതിനിധ്യ ജനറൽ ബോഡി എന്ന സമ്പ്രദായം കൊണ്ടുവന്നത്. അന്ന് 60,000 പേരായിരുന്നു യോഗത്തിന്‍റെ സ്ഥിരാംഗങ്ങൾ. അത്രയും പേരെ വിളിച്ചുചേർക്കുന്നതിലെ അപ്രായോഗികതയാണ് ഭേദഗതിക്ക് കാരണമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബൈലാ ഭേദഗതിയും കേന്ദ്ര കമ്പനി മന്ത്രാലയം, കമ്പനി ലോ ബോർഡ്, വിവിധ കോടതികൾ തുടങ്ങി നിയമപരമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടിക്രമങ്ങളെല്ലാം. ഇത്രയും കാലം ഈ വ്യവസ്ഥയെ ആരും ചോദ്യം ചെയ്തില്ല. ഈ തെരഞ്ഞെടുപ്പിൽ യോഗത്തിന് ഏഴ് ലക്ഷത്തിലേറെ സ്ഥിരാംഗങ്ങളുണ്ട്. ഇവരെ പ്രതിനിധീകരിച്ച് 9,900 പ്രതിനിധികളാണ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തെ അട്ടിമറിച്ചു എന്ന വാദം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. പ്രാതിനിധ്യാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പുള്ള കാര്യം തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു. വിധി പകർപ്പ് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.