ആലപ്പുഴ : പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററുമായും ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭവും ആശങ്കയും ഭയവും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻ.പി.ആർയുമായി സെൻസസ് കൂട്ടികുഴച്ച കേന്ദ്രത്തിന്റെ നിലപാട് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നു. സംസ്ഥാനത്ത് എൻപിആറും എൻസിആറും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അതേ സമയം തന്നെ സെൻസസ് നടപടികൾ നടപ്പാക്കുവാനും നിശ്ചയിച്ചു. എൻആർസി തയ്യാറാക്കാനുള്ള കുറുക്കുവഴിയായിട്ടാണ് കേന്ദ്രം സെൻസസിനെയും എൻപിആർ പുതുക്കലിനെയും കാണുന്നത്. ഈ നടപടി ഉചിതമാണോയെന്ന് സർക്കാർ ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
യോജിക്കാവുന്ന സമരങ്ങളിൽ സർക്കാരുമായി ഇനിയും യോജിച്ച് പ്രവർത്തിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ആയിരത്തിലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ വിഷയത്തില്‍ കോൺഗ്രസും ഘടകകക്ഷികളും തുടക്കം മുതല്‍ തന്നെ സമര രംഗത്തുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കില്ലെന്ന നിലപാട് എടുത്തിട്ടുണ്ട്. വിഷയത്തിൽ യുഡിഎഫ് ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഗവർണറുടെ പ്രസംഗത്തിൽ പൊതു അഭിപ്രായം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയിൽ പറഞ്ഞു.