ആലപ്പുഴ: നാടിനെ നടുക്കിയ ഇരട്ടകൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദൃക്‌സാക്ഷികളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തുന്നത്.
എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്‍റെ കൊലപാതകികൾ സഞ്ചരിച്ച കാർ പൊന്നാട് സ്വദേശിയില്‍ നിന്ന് വാടകയ്‌ക്ക് എടുത്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച സൂചന. കാർ വാടകയ്ക്ക് എടുത്തവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
സുരക്ഷ കർശനമാക്കി പൊലീസ്
കൊല്ലപ്പെട്ട ഷാനിന്‍റെ പേരിൽ മുൻപ് ഏതെങ്കിലും ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നോ എന്നും അന്വേഷണപരിധിയിൽ വരുന്നുണ്ട്. ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അർധരാത്രി മുതൽ മണ്ണഞ്ചേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജിന്‍റെ മേൽനോട്ടത്തിൽ മണ്ണഞ്ചേരി സർക്കിൾ ഇൻസ്‌പെക്‌ടർ രാജേഷിനാണ് കേസിന്‍റെ അന്വേഷണ ചുമതല.
കൊല്ലപ്പെട്ടത് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയായത് കൊണ്ട് തന്നെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശമാണ് പൊലീസ് നല്‍കിയിട്ടുള്ളത്. അതേസമയം കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്‌ഡിപിഐ നേതൃത്വം ആരോപിച്ചു.
11 പേർ കസ്റ്റഡിയിൽ
പ്രഭാതസവാരിക്ക് ഇറങ്ങാൻ നിൽക്കവെയാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വെള്ളക്കിണറിലെ സ്വന്തം വീട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. അമ്മയുടെ മുന്നിലിട്ടായിരുന്നു രഞ്ജിത്തിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. 11 പേരാണ് ആക്രമണത്തിൽ പങ്കെടുത്തത്.
കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്‌ഡിപിഐ പ്രവർത്തകരെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കർശനമായ പരിശോധനയാണ് ജില്ല അതിർത്തിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് നടത്തുന്നത്. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
ALSO READ: ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു; പ്രതികളെ പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി
കൊലപാതകങ്ങളെ തുടർന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം ഇന്നും നാളെയും ജില്ലയിൽ കലക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.