ആലപ്പുഴ: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണ-നിയന്ത്രണ പദ്ധതികളില്‍ കാര്യക്ഷമത ഉറപ്പാക്കണമെന്ന് നിയമസഭാ സമിതി. മാലിന്യസംസ്‌കരണ പദ്ധതികളിലെ പോരായ്‌മകള്‍ പരിഹരിക്കാനും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു എംഎല്‍എമാരായ കെ.ദാസന്‍, അഡ്വ.ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുള്‍പ്പെട്ട സമിതി. ജില്ലാ കലക്‌ടര്‍ എം.അഞ്ജനയും പങ്കെടുത്തു.
വിനോദ സഞ്ചാരം, തദ്ദേശ സ്വയംഭരണം, തുറമുഖം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍ എന്നിവ കൈകാര്യം ചെയ്യുന്ന ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയ ശേഷം ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിലും പാതിരാമണല്‍ ദ്വീപിലും നേരിട്ടെത്തി സമിതി സ്ഥിതിഗതികള്‍ പരിശോധിച്ചു. പുന്നമട ഫിനിഷിങ് പോയിന്റിലുള്ള നഗരസഭയുടെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനവും സമിതി വിലയിരുത്തി. നവകേരള സൃഷ്ടിയില്‍ മുഖ്യമാണ് മാലിന്യമുക്ത കേരളം ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതി. ഇതിന്റെ ഭാഗമായി നേരത്തെ കോവളം, ആതിരപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ തെളിവെടുപ്പിന്റെ തുടര്‍ച്ചയായാണ് ജില്ലയിലും സമിതിയെത്തിയത്. ഉടന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുമെന്നും സമിതി വ്യക്തമാക്കി.
സര്ക്കാരിന്റെ ഊര്‍ജ്ജിത ശ്രമങ്ങള്‍ക്കൊപ്പം എല്ലാ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ ഉള്‍ച്ചേര്‍ന്ന ജനകീയ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മാലിന്യമുക്ത കേരളം സാധ്യമാകൂവെന്ന് കെ.ദാസന്‍ എംഎല്‍എ പറഞ്ഞു. മാലിന്യം ശേഖരിക്കാനുള്ള സംവിധാനത്തിലെ അപര്യാപ്തത, ഇക്കാര്യത്തില്‍ ശരിയായ ബോധവല്‍കരണം നല്‍കുന്നതില്‍ വന്നിട്ടുള്ള പിഴവ് എന്നിവയൊക്കെ നിയമലംഘനം നടത്താന്‍ പഴുതുണ്ടാക്കുന്നു. ഈ അവസ്ഥ പരിഹരിക്കപ്പെടണമെന്ന് സമിതി നിര്‍ദേശിച്ചു. വെള്ളപ്പൊക്ക സമയത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത് പാഠമാകണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ പറഞ്ഞു.
പ്ലാസ്റ്റിക് വര്‍ജ്ജനം, മാലിന്യ നിയന്ത്രണം, മാലിന്യ സംസ്‌കരണം എന്നിവ സംബന്ധിച്ച് സ്‌കൂളുകള്‍ , ഹോം സ്റ്റേ, ഹൗസ് ബോട്ട് എന്നിങ്ങനെ എല്ലാ തലങ്ങളിലും ബോധവല്‍കരണം നിരന്തരമായി നടത്തണം. ബീച്ച് മേഖലകളില്‍ 70 മുതല്‍ 80 ശതമാനം വരെ പ്ലാസ്റ്റിക് വര്‍ജനം സാധ്യമായിട്ടുണ്ടെന്ന് ടൂറിസം അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. അനധികൃത ബോട്ടുകള്‍ നിയന്ത്രിക്കേണ്ടത് ഗൗരവമുള്ള വിഷയമായി കണ്ട് ആവശ്യമായ കര്‍ശന നടപടികളെടുക്കാന്‍ സമിതി നിര്‍ദേശിച്ചു. ടൂറിസം മേഖലയില്‍ ബയോപ്ലാന്റുകള് വ്യാപകമാക്കണം. നിലവില്‍ 72 ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള് ഉണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ കലവൂര്‍ സ്‌കൂളില്‍ തുടക്കമിട്ട ശുചിത്വ, പ്ലാസ്റ്റിക് വര്‍ജ്ജന അവബോധ പരിപാടി കഴിയുന്നത്ര സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്‌ടര്‍ യോഗത്തില്‍ പറഞ്ഞു. വിവിധ വകുപ്പുകളെ സഹകരിപ്പിച്ച് മാലിന്യ സംസ്‌കരണം കൃത്യമായി നടപ്പാക്കണമെന്നും ക്ലീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തനം ജില്ലയില്‍ കൂടുതല്‍ ഫലപ്രദമാക്കാനായി കമ്പനിക്ക് ജില്ലയില്‍ ഗോഡൗണ്‍ വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അണ്ടര്‍ സെക്രട്ടറി മനോജ് സാറ വര്‍ഗീസ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു.