ആലപ്പുഴ: തണ്ണീര്‍മുക്കം പഞ്ചായത്തില്‍ കഴിഞ്ഞ ഡിസംബര്‍ പതിനാലിന് നടത്തിയ മെഗാ ക്ലീനിങ് കാമ്പയിന്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ഹരിത കേരള മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ. തണ്ണീർമുക്കം പഞ്ചായത്തിന് ഹരിത കേരള മിഷൻ അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അവര്‍.
ഡിസംബര്‍ 14ന് നടത്തിയ അഞ്ച് മണിക്കൂര്‍ നീണ്ട മെഗാ ക്ലീനിങ് കാമ്പയിനില്‍ മുപ്പതിനായിരം പേരാണ് പങ്കെടുത്തത്. അന്നേദിവസം പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചതോടൊപ്പം ബദല്‍ സംവിധാനം ഒരുക്കുകയും ഹരിതം പദ്ധതി, കദളീവനം പദ്ധതി, കതിര്‍മണി പദ്ധതി എന്നിവ നടപ്പിലാക്കുകയും ചെയ്തു. ഹതിര കേരള മിഷന്‍റെ ഇനി ഞാന്‍ ഒഴുകട്ടെ എന്ന പദ്ധതി പ്രകാരം 22 തോടുകളാണ് ശുചിയാക്കിവരുന്നത്. പച്ചത്തുരുത്ത് പദ്ധതിയുടെ നടത്തിപ്പിലെ മികവിന് കൂടിയാണ് ഹരിതകേരള മിഷന്‍റെ അവാര്‍ഡ് പഞ്ചായത്തില്‍ നേരിട്ട് എത്തി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ നല്‍കിയത്. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു.