ആലപ്പുഴ: കേരള സർക്കാരിന്റെ സമ്പൂർണ്ണ വീട് നിർമാണ പദ്ധതിയായ ലൈഫ് മിഷന്‍റെ രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത 2200 വീടുകൾ പൂർത്തീകരിച്ച് ആലപ്പുഴ ജില്ല സംസ്ഥാനത്ത് മുന്നിലെത്തി. ലൈഫ് സർവ്വെയിൽ കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ 8766 വീടുകളാണ് ജില്ലയിൽ ലൈഫ് രണ്ടാംഘട്ടത്തിൽ ഏറ്റെടുത്തത്. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഈ വീടുകൾ നിർമ്മിക്കുന്നത്.
രണ്ടാംഘട്ടത്തിൽ വീടുകളുടെ നിർമ്മാണത്തിനായി പദ്ധതി വിഹിതത്തിന്റെ 20 ശതമാനം തുക ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ വകയിരുത്തിയിരുന്നു. ഇതു കൂടാതെ ഹഡ്‌കോയിൽ നിന്നും സർക്കാർ വായ്പയെടുത്ത് ഒരു വീടിന് 220000 രൂപയും സംസ്ഥാന വിഹിതമായ 100000 രൂപയുമാണ് അനുവദിക്കുന്നത്. ജില്ലയിൽ ഇതുവരെ ഹഡ്‌കോ വായ്പ ഇനത്തിൽ 145 കോടി രൂപയും സംസ്ഥാന വിഹിതമായി 22 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.
ലൈഫ് രണ്ടാംഘട്ട ലിസ്റ്റിൽ ജില്ലയിൽ 10633 ഗുണഭോക്താക്കളെയാണ് അർഹതയുള്ളവരായി കണ്ടെത്തിയിരുന്നത്. എന്നാൽ 8766 ഗുണഭോക്താക്കൾ മാത്രമാണ് രേഖകൾ അതാത് പഞ്ചായത്തുകളിൽ ഹാജരാക്കി കരാർവെച്ചിട്ടുള്ളത്. വിവിധ സർക്കാർ ഭവന പദ്ധതികളിൽ ഏറ്റെടുത്തതും വിവിധ കാരണങ്ങളാൽ മുടങ്ങിപ്പോയതുമായ വീടുകളാണ് ലൈഫ് ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തത്. ഒന്നാംഘട്ടത്തിൽ ജില്ലയിൽ ഏറ്റെടുത്ത 2837 വീടുകളിൽ 2674 വീടുകൾ പൂർത്തീകരിച്ചിരുന്നു.
ലൈഫ് മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരായി ജില്ലയിൽ 19365 കുടുംബങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഭൂരഹിതരുടെ പുന:രധിവാസത്തിനായി ഭവനസമുച്ചയ നിർമ്മാണത്തിനായി ജില്ലയിൽ 10 പ്ലോട്ടുകൾ കത്തെിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമ്മാണം പി.എം.എ.വൈ-ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്. ജില്ലയിൽ നഗരപ്രദേശത്ത് കരാർവെച്ച 3849 വീടുകളിൽ 899 വീടുകൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയിലെ വിവിധ ഘട്ടങ്ങളിൽ ഉൾപ്പെടുത്തി ജില്ലയിൽ ഇതുവരെ ആകെ പൂർത്തീകരിച്ച ഭവനങ്ങളുടെ എണ്ണം 4874 ആയി.