ആലപ്പുഴ: കൊവിഡ് കാലത്ത് കേരള സർവകലാശാലാ പരീക്ഷകൾ സംബന്ധിച്ച് നിലനിൽക്കുന്ന വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച് ബാബുരാജന്‍. കേരളത്തിലെ എല്ലാ ജില്ലകളിലും സർവകലാശാല സെന്‍ററുകൾ തുടങ്ങാൻ നടപടി ആരംഭിച്ചു.
പരീക്ഷ നടത്തുന്നതിനെ ചൊല്ലി സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ പൂർണമായും പൊതുഗതാഗത സംവിധാനങ്ങൾ ആരംഭിച്ചതിന് ശേഷമായിരിക്കും പരീക്ഷകൾ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരത്തോടെ നടത്താനാണ് നിലവിൽ സർവകലാശാലയുടെ നീക്കം. കേരളത്തിലെ വിവിധ സർവകലാശാല വൈസ് ചാൻസലറുമാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലുമായി നടത്തിയ വീഡിയോ കോൺഫറൻസ് യോഗത്തിൽ ഇത് സംബന്ധിച്ച ധാരണയായിട്ടുണ്ടെന്നും സർവകലാശാല അധികൃതർ അറിയിച്ചു.