ആലപ്പുഴ: ജനാധിപത്യത്തിന്‍റെ കാവല്‍ ഭടന്മാരാകാന്‍ ഓരോ പൗരനും പ്രതിജ്ഞയെടുക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ല തല ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ഒരുപാട് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ രാജ്യമാണ് ഇന്ത്യ.
സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങളെല്ലാം ഓരോ പൗരനും അഭിമാനത്തിന് വകനല്‍കുന്നതാണ്. ഐതിഹാസികമായ ഈ പ്രയാണത്തിന് മുന്നില്‍ ഇപ്പോഴും പ്രതിസന്ധികള്‍ ഉയരുന്നു. ഇവയെ അതിജീവിച്ച് മുന്നോട്ടു പോകുന്നതിന് ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയും ഉയര്‍ത്തിപ്പിടിച്ച് സ്വാതന്ത്ര്യം കാത്തു സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ നമുക്ക് കഴിയണം.
സ്വാതന്ത്ര്യത്തെ അപകടത്തിന്‍റെ അഴിമുഖങ്ങളിലേക്ക് കൊണ്ടുപോകുന്ന പ്രവണതകള്‍ക്കെതിരെ നിലയുറപ്പിക്കാന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീരദേശാഭിമാനികളുടെ സ്‌മരണ നമുക്ക് കരുത്താകണം. യുദ്ധങ്ങളും കലാപങ്ങളും മാരക രോഗങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളോട് പൊരുതി ലോകം മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും സോഷ്യലിസത്തിന്‍റെയുമൊക്കെ അര്‍ത്ഥ വ്യാപ്‌തി വര്‍ധിക്കുന്നു.
ദേശസ്‌നേഹം എന്നാല്‍ കേവലം ഒരു പ്രദേശത്തോടുള്ള സ്‌നേഹമല്ല, നാടിനോടും ജനതയോടും പ്രകൃതിയോടുമുള്ള സ്‌നേഹമാണ്. മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവാകുന്ന വികസനത്തെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകുവാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് മന്ത്രി പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ചു. ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിനോദ് കുമാറായിരുന്നു പരേഡ് കമാന്‍ഡർ.
പൊലീസ്, എക്സൈസ്, എന്‍സിസി, സ്റ്റുഡന്‍റ് പൊലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്‌സ്, ബുള്‍ബുള്‍, സ്‌കൂള്‍ ബാന്‍ഡ് എന്നിവയുടേത് ഉള്‍പ്പെടെ 20 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. എ.എം ആരിഫ് എംപി, എംഎല്‍എമാരായ എച്ച് സലാം, പി.പി ചിത്തരഞ്ജന്‍, ജില്ല കലക്‌ടർ വി.ആര്‍ കൃഷ്‌ണ തേജ, ജില്ല പൊലീസ് മേധാവി ജി ജയദേവ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.