ആലപ്പുഴ: കുട്ടനാട്ടിൽ വാക്‌സിൻ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡോക്ടര്‍ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൈനകരി സ്വദേശി വിശാഖ് വിജയനെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ ഇന്നലെ (ജൂലൈ 27) പിടികൂടിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് ബുധനാഴ്‌ചയാണ്.
കരുമാടി ആമയിട സ്‌കൂളിന് കിഴക്ക് ഭാഗത്തെ ബന്ധുവീട്ടിൽ വിശാഖ് രഹസ്യമായി താമസിക്കുന്ന വിവരം പൊലീസിന് ലഭിച്ചു. പൊലീസ് സ്ഥലത്തെത്തിയതറിഞ്ഞ പ്രതി രക്ഷപെടുന്നതിനായി സമീപത്തുള്ള പാടത്തേയ്ക്ക് ഇറങ്ങി ഓടി. തുടര്‍ന്ന് വിശാഖിനെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളുടെ താമസസ്ഥങ്ങളിലും അവർ പോകുവാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണെന്നും നെടുമുടി പൊലീസ് അറിയിച്ചു.
കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനാണ് മർദ്ദനമേറ്റത്. ജൂലൈ 25നാണ് കേസിനാസ്‌പദമായ സംഭവം. കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എംസി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മിച്ചം വന്ന വാക്‌സിൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.
Also Read: യുവതിക്കും പിതാവിനും മർദനം; സർക്കാർ നിലപാട് ആരാഞ്ഞ് ഹൈക്കോടതി