ആലപ്പുഴ: അന്താരാഷ്ട്ര കയർ പ്രദർശന വിപണന മേളയായ ‘കയർ കേരള 2021' ഫെബ്രുവരി 16ന് തുടങ്ങും. കൊവിഡ് പശ്‌ചാത്തലത്തിൽ വെർച്വലായി സംഘടിപ്പിക്കുന്ന മേള പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ധനകാര്യ - കയർ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക്.
വിദേശികൾക്ക് ഉൾപ്പെടെ ഓൺലൈനായി പങ്കെടുക്കാൻ കഴിയുന്ന മേള അഞ്ചുദിവസം നീളും. പ്രത്യേക ഹാളിൽ ഡിജിറ്റൽ എക്‌സിബിഷൻ രീതിയിലാണ് സംഘാടനം. രാജ്യത്തുതന്നെ ആദ്യമാണ് ഇത്തരം പ്രദർശനം. ആർക്കും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരുമായി വ്യാപാര കരാർ ഒരുക്കാനുള്ള സൗകര്യവുമുണ്ട്. കയർ ഭൂവസ്‌ത്ര ആവശ്യങ്ങളിലടക്കം തദ്ദേശ സ്ഥാപനങ്ങളുമായും കരാറുകളിൽ ഏർപ്പെടാൻ അവസരമൊരുങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
10 കയർ പ്രോജക്‌ടുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സെമിനാറുകളും നടക്കും. 60, 70 കോടിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടു. 125 കോടിയാണ് ലക്ഷ്യം. മേള കയർ മേഖലയ്‌ക്ക് കൂടുതൽ ഉണർവേകും. സെമിനാറുകളും സാംസ്‌കാരിക ഉത്സവങ്ങളും ഇതോടൊപ്പമുണ്ട്. ആലപ്പുഴ നഗരത്തിലും ജില്ലയിൽ പലയിടത്തുമായി 40 കേന്ദ്രങ്ങളിൽ കലാപരിപാടികൾ നടക്കും.
തദ്ദേശസ്ഥാപനങ്ങളിൽ ഓൺലൈനായി കലാപരിപാടികൾ കാണാനും അവസരമുണ്ടാകും. കയർ മേഖലയിലെ തൊഴിലാളികൾക്കും വ്യവസായികൾക്കും വലിയ അവസരവും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന നിലയിലാണ് മേള. ആധുനിക വൽക്കരണത്തിന് സർക്കാർ നൽകുന്ന സഹായങ്ങൾ ഉണർവുണ്ടാക്കി. തൊഴിലാളികൾക്ക് അഞ്ചിരട്ടിവരെ കൂലി കൂടുന്ന സാഹചര്യം വന്നു എന്നും മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി.