ആലപ്പുഴ: ഒരു വിഭാഗം ജീവനക്കാരുടെ സമരം തുടരുന്നതിനിടെ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ആലപ്പുഴ റീജിയണല്‍ ഓഫീസില്‍ ജീവനക്കാരും സിഐടിയു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി എത്തിയ സിഐടിയു പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് കയറാൻ ശ്രമിച്ചത് മുത്തൂറ്റ് ജീവനക്കാർ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസ് എത്തി സിഐടിയു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് മുത്തൂറ്റിന് മുമ്പിലെ സംഘര്‍ഷം അവസാനിച്ചത്.
പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുകൂട്ടരും തമ്മില്‍ ആശുപത്രി വരാന്തയിൽ വച്ചും സംഘര്‍ഷമുണ്ടായി. ജീവനക്കാർ എന്ന വ്യാജേന ഗുണ്ടകളെ വിട്ട് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് സിഐടിയു നേതാക്കൾ ആരോപിക്കുന്നു. എന്നാൽ വിഷയത്തില്‍ പ്രതികരിക്കാൻ മുത്തൂറ്റ് അധികൃതർ തയ്യാറായില്ല. പ്രാഥമിക ചികിത്സക്ക് ശേഷം മുത്തൂറ്റ് ജീവനക്കാർ പൊലീസ് സംരക്ഷണത്തിൽ ആശുപത്രി വിട്ടു. തലയ്ക്കും കൈക്കും പരിക്കേറ്റ സിഐടിയു-സിപിഎം പ്രവർത്തകർ ചികിത്സയിലാണ്.