ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായി ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നിൽ ലഹരിമരുന്ന് മാഫിയ എന്ന് ബിജെപി നേതാക്കൾ. നാട്ടിലെ ലഹരി മാഫിയ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നുള്ള വാക്കു തർക്കമാണ് കിഴക്കേക്കര വടക്ക് ശരത് ഭവനത്തിൽ ശരത്ചന്ദ്രന്‍റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന്‍റെ പ്രതികരണം.
ഏഴംഗ സംഘമാണ് ശരത്ചന്ദ്രനെ ആക്രമിച്ചതെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചിരുന്നു. ഇവരിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പ്രാഥമിക സൂചന.
മുൻപും സമാനമായ രീതിയിൽ ലഹരി മാഫിയ ബിജെപി പ്രവർത്തകനെ ആക്രമിച്ചിരുന്നെന്നും ഇതിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
READ MORE: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ യുവാവ് കുത്തേറ്റ് മരിച്ചു