ആലപ്പുഴ: കഴിഞ്ഞ പ്രളയകാലത്ത് സർക്കാർ നൽകിയ വാഗ്‌ദാനങ്ങള്‍ ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിൽ കൃഷിനാശം സംഭവിച്ച പാടശേഖരങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാടശേഖരങ്ങളിൽ പുറംബണ്ട് കെട്ടി കൃഷി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. റിങ് ബണ്ടുകളുടെ നിർമാണമാണ് കുട്ടനാടൻ പാടശേഖരങ്ങൾക്ക് ആവശ്യം. ഇതിന് സർക്കാർ തയ്യാറാവണം. ഒട്ടേറെ പാക്കേജുകൾ നടപ്പാക്കിയിട്ടും കുട്ടനാട്ടിലെ സ്ഥിതിയിൽ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി ആളുകളാണ് ക്യാമ്പുകളിൽ പോകാനാവാതെ കുട്ടനാട്ടിൽ കഴിയുന്നത്. അവരുടെ സംരക്ഷണം കൂടി സർക്കാർ ഉറപ്പു വരുത്തണം. കുട്ടനാടിന്‍റെ അവസ്ഥയിൽ മാറ്റം വരുത്താൻ സര്‍ക്കാര്‍ ശാശ്വതമായ പരിഹാരം കാണണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മട വീണ കനകാശേരി, മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളിലും രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി.