ആലപ്പുഴ : ആശങ്കയുടെ നടുക്കടലിൽ നങ്കൂരമിട്ട് ആലപ്പുഴയിലെത്തിച്ച പഴയ പടക്കപ്പൽ. ആവേശപൂര്‍വം ആഘോഷമായാണ് പടക്കപ്പല്‍ എത്തിച്ചത്. ആലപ്പുഴ പൈതൃക പദ്ധതിക്ക് വേണ്ടി നാവിക സേനയിൽ നിന്ന് ഡീകമ്മീഷൻ ചെയ്‌ത പടക്കപ്പല്‍ അകൃതരുടെ തർക്കത്തിൽപ്പെട്ട് കുടുങ്ങിക്കിടക്കുകയാണിപ്പോള്‍.
ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള പൈതൃക പദ്ധതി അധികൃതർ പടക്കപ്പല്‍ നാവിക സേനയിൽ നിന്ന് ഏറ്റെടുത്തത്.
അനുമതി നൽകാതെ ദേശീയപാത അതോറിറ്റി
ഫാസ്റ്റ് അറ്റാക്ക് ഇൻ ഫാക്റ്റ് - 81 എന്ന യുദ്ധക്കപ്പൽ കഴിഞ്ഞ മാസം 22നാണ് വേമ്പനാട്ട് കായലിലൂടെ ചേർത്തല തണ്ണീർമുക്കത്ത് എത്തിയത്. ഇവിടെ നിന്ന് 23ന് കര മാർഗം പ്രത്യേക വാഹനത്തിൽ ആലപ്പുഴയിലേക്ക് പുറപ്പെട്ടു. എന്നാൽ ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാലാണ് ആലപ്പുഴ കടപ്പുറത്ത് എത്തിക്കേണ്ട കപ്പൽ ഇപ്പോൾ മൂന്ന് ദിവസമായി ആലപ്പുഴ ബൈപ്പാസിൽ സൂക്ഷിച്ചിരിക്കുന്നത്.
കപ്പലിന്‍റെയും അത് വഹിച്ചുകൊണ്ടുവരുന്ന 96 ചക്രങ്ങളുള്ള 12 ആക്‌സിൽ പ്രത്യേക വാഹനത്തിന്‍റെയും ഭാരം താങ്ങുമോ എന്ന സംശയത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന്‍റെയും എം.പി, എംഎൽഎമാര്‍ എന്നിവരുടെയും സമ്മർദം ഉണ്ടായിട്ടും ദേശീയപാത അധികൃതർ അനുമതി നൽകാത്തത്.
കപ്പൽ കടപ്പുറത്തേക്ക് എത്തിക്കുന്നതിൽ ഏറ്റവും കൂടുതൽ വെല്ലുവിളിയുള്ളത് ആലപ്പുഴ ബൈപ്പാസ് എലിവേറ്റഡ് ഹൈവേ പാലം മറികടക്കാനുള്ളതാണ്. എന്നാൽ 300 ടൺ ഭാരം ശേഷിയുള്ള രണ്ട് ക്രെയിനുകൾ ദിവസങ്ങളായി കടപ്പുറത്ത് സജജമാണ്. അനുമതി ലഭിച്ചാലുടൻ കപ്പൽ ആലപ്പുഴ കടപ്പുറത്ത് സ്ഥാപിക്കാൻ എല്ലാവിധ ക്രമീകരണങ്ങളും സജ്ജമാണ്.
അനുമതി കാത്ത് മൂന്ന് ദിനം പിന്നിട്ടു
ആലപ്പുഴ ബൈപ്പാസിന്‍റെ തുടക്കത്തിൽ തന്നെയാണ് കപ്പൽ നിലവിൽ നിർത്തിയിട്ടിരിക്കുന്നത് എന്നതിനാല്‍ അനുമതി ലഭിച്ച് രണ്ടുമണിക്കൂറിനുള്ളിൽ തന്നെ ഇത് സ്ഥാപിക്കേണ്ട സ്ഥലത്തിന് മുകളിലെ ബൈപ്പാസ് പാലത്തിൽ എത്തും.
ഉയരത്തിൽ നിന്ന് താഴെ ഇറക്കാൻ വെൽഡിങ് ഉൾപ്പടെയുള്ള ചെറിയ പണികൾക്കൊടുവിൽ ഒരു മണിക്കൂറിനകം സാധിക്കും. മൂന്ന് ദിവസമായി അനുമതി കാത്ത് കിടക്കുന്ന കപ്പൽ, കൂടുതൽ സമ്മർദം ചെലുത്തി ഉടന്‍ ആലപ്പുഴ കടപ്പുറത്ത് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൈതൃക പദ്ധതി അധികൃതർ.
ഇന്നെത്തും, നാളെയെത്തും എന്ന പ്രതീക്ഷയിൽ നിരവധി പേരാണ് ആലപ്പുഴ കടപ്പുറത്ത് എത്തുന്നത്. എന്നെത്തും എന്നറിയാതെ ഒടുവിൽ ബൈപ്പാസിൽ എത്തി കപ്പൽ കണ്ടുമടങ്ങുകയാണ് സന്ദർശകർ.
ALSO READ: സാഹിത്യ നൊബേൽ അബ്‌ദുൽ റസാക്ക് ഗുര്‍ണയ്ക്ക്