ആലപ്പുഴ: ചേർത്തലയില്‍ സഹോദരി ഭർത്താവിന്‍റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. സഹോദരി ഭർത്താവ് കടക്കരപ്പള്ളി സ്വദേശി രതീഷിനെ കാണാനില്ല.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എൻഎച്ച്എം നഴ്‌സ് ആണ് ഹരികൃഷ്‌ണ. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ സഹോദരിയ്ക്ക് വെള്ളിയാഴ്‌ച രാത്രി ജോലിയായിരുന്നു. വണ്ടാനത്ത് നിന്നെത്തിയ ഹരികൃഷ്ണയുമായി രതീഷ് രാത്രി വീട്ടിലെത്തിയിരുന്നു എന്നാണ് സൂചന. ഹരികൃഷ്ണയേയും രതീഷിനെയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തിയത്.
രതീഷിനെ വീട്ടിൽനിന്ന് കാണാതായതിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പരിശോധനയില്‍ ബലപ്രയോഗം നടന്നതായി സൂചനയുണ്ട്. ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ചേർത്തല ഡിവൈഎസ്‌പി വിനോദ് പിള്ള, പട്ടണക്കാട് ഇൻസ്പെക്റ്റർ ആർ.എസ് ബിജു തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഫൊറൻസിക് വിദഗ്‌ധരും, ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു. മന്ത്രി പി.പ്രസാദ്, മുൻ മന്ത്രി പി.തിലോത്തമൻ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Also Read: കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തുങ്ങി മരിച്ച നിലയിൽ