ബെംഗളൂരു: കോളർ ഐഡി വെരിഫിക്കേഷൻ പ്ലാറ്റ്‌ഫോം ആയ ട്രൂകോളർ സ്വീഡന് പുറത്തുള്ള തങ്ങളുടെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് കേന്ദ്രം ബെംഗളൂരുവിൽ തുറന്നു. ഓഫിസിന്‍റെ ഉദ്‌ഘാടനം കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ ചൊവ്വാഴ്‌ച നിർവഹിച്ചു. 30,443 ചതുരശ്ര അടിയിൽ നവീകരിച്ച പ്രദേശത്താണ് കമ്പനി ആരംഭിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനുള്ള പ്രാഥമിക കേന്ദ്രമായിട്ടാണ് ഈ കമ്പനി ഉപയോഗപ്പെടുത്താൻ ട്രൂക്കോളർ പദ്ധതിയിടുന്നത്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ ആസ്ഥാനത്തിന് പുറത്തുള്ള ട്രൂകോളറിന്‍റെ ഏറ്റവും വലിയ ഓഫിസാണ് ബെംഗളൂരുവിൽ തുറന്നിരിക്കുന്നത്. ഒരു പതിറ്റാണ്ട് മുൻപാണ് ട്രൂകോളർ സേവനം ആരംഭിച്ചത്.
338 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കൾ ഉള്ള കമ്പനിയാണിത്. അതിൽ 246 ദശലക്ഷം ഉപയോക്താക്കളും ഇന്ത്യയിൽ നിന്നും ഉള്ളവരാണ്. സ്ഥാപനത്തിന്‍റെ വളർച്ചയ്‌ക്ക് അത്യന്താപേക്ഷിതമായ നവീകരണങ്ങൾ, ഉത്‌പന്നങ്ങൾ, സേവനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ഇന്ത്യയിൽ അവസരങ്ങൾ കൂടുതലാണെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. ട്രൂകോളറിന്‍റെ ഏക്‌സ്‌ക്ലൂസീവ് ഓഫിസ് ബെംഗളൂരുവിൽ തുറക്കാൻ കമ്പനി എടുത്ത തീരുമാനം ലോക തലത്തിൽ വിശ്വസനീയമായ ഒരു സാങ്കേതിക പങ്കാളിയായുള്ള ഇന്ത്യയുടെ വളർച്ചയെ പ്രതിനിധീകരിക്കുന്നതായി മന്ത്രി ചന്ദ്രശേഖർ പറഞ്ഞു.
സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കും: ബെംഗളൂരുവിലെ പുതിയ സൗകര്യം ഇന്ത്യയിൽ കമ്പനിയുടെ തുടർച്ചയായ നിക്ഷേപത്തിന്‍റെ കൂട്ടിയുറപ്പിക്കലാണെന്ന് ട്രൂകോളർ സിഎഒ അലൻ മാമെഡി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേയും ഡിജിറ്റൽ സൊസൈറ്റിയേയും സഹായിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും ഒപ്പം ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും മുന്നോട്ടും നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ സ്‌മാർട്ട്‌ഫോണുകളുടേയും ഇന്‍റർനെന്‍റിന്‍റെയും ഉപയോഗം കമ്പനിയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഉപയോക്താക്കളുടെ വിശ്വാസവും അവരോടുള്ള ഉത്തരവാദിത്ത്വവും കാത്തുസൂക്ഷിക്കുമെന്നും അലൻ മാമെഡി പറഞ്ഞു.
ഡൽഹി പൊലീസിമായി സഹകരിച്ച് ട്രൂകോളർ: കഴിഞ്ഞ മാസം സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തിയുള്ള സൈബർ തട്ടിപ്പുകൾ തടയാൻ ഡൽഹി പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ട്രൂകോളർ തീരുമാനിച്ചിരുന്നു. ഇതിനായുള്ള ധാരണ പത്രത്തിൽ ഡൽഹി പൊലീസും ട്രൂകോളർ പ്ലാറ്റ്‌ഫോമും ഒപ്പുവച്ചിരുന്നു. ആപ്പിന്‍റെ സർക്കാർ ഡയറക്‌ടറിയിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പറുകൾ ഉൾപ്പെടുത്തിയുള്ള സംയുക്ത കാമ്പയിനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമുടുന്നതായി അറിയിച്ചത്.
also read: ഉദ്യോഗസ്ഥരുടെ പേരിലെ ആള്‍മാറാട്ട തട്ടിപ്പ് തടയാന്‍ ഡല്‍ഹി പൊലീസ്; നീക്കം ട്രൂകോളറുമായി സഹകരിച്ച്
ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം വാട്‌സാപ്പ് പ്രൊഫൈൽ ചിത്രമാക്കി പണം തട്ടിയെടുത്ത നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ട്രൂകോളറുമായി സഹകരിച്ചുള്ള പുതിയ നീക്കം. കൂടാതെ കൊവിഡ് സമയത്ത് ഓക്‌സിജൻ സിലിണ്ടറുകൾ, മരുന്നുകൾ, കോൺസെൻട്രേറ്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട വിൽപന തട്ടിപ്പുകൾ തടയുന്നതിനും ട്രൂകോളർ ഉപയോഗപ്പെട്ടിരുന്നു. ഉപയോക്താക്കൾക്ക് പൊലീസ് ഉദ്യോഗസ്ഥരെ എളുപ്പത്തിൽ തിരിച്ചറിയാൻ നമ്പറുകൾക്കൊപ്പം നീല ടിക്കും പച്ച ബാഡ്‌ജ് അടയാളവും രേഖപ്പെടുത്തിയിരിക്കും.