കൊല്‍ക്കത്ത: ഓര്‍ഡര്‍ ചെയ്‌ത് പത്ത് മിനിട്ടു കൊണ്ട് മദ്യം വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. പശ്ചിമബംഗാള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് 'ബൂസി' എന്ന പേരിലാണ് ഇന്നോവെന്‍റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കൊല്‍ക്കത്തയില്‍ ഓണ്‍ലൈന്‍ ഡെലിവറി ആരംഭിച്ചത്.
ഓണ്‍ലൈനിലൂടെ മദ്യം വാങ്ങാനുള്ള സംവിധാനം ഇപ്പോള്‍ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലഭ്യമാണ്. പക്ഷെ ബുക്ക് ചെയ്‌താല്‍ 10 മിനിട്ടുകൊണ്ട് മദ്യം ലഭ്യമാവുന്നത് ഇതാദ്യമായാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ മദ്യ ഉപഭോഗത്തെ കുറിച്ചും മദ്യ ലഭ്യതയേയും കുറിച്ച് മനസിലാക്കിയാണ് 10 മിനിട്ടു കൊണ്ട് മദ്യം ലഭ്യമാക്കാന്‍ സാധിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
മദ്യവിതരണ ശൃഖലയുടെ മേല്‍നോട്ടത്തിനായി ഒരു ബിസിനസ് ടു ബിസിനസ് (B2B) പ്ലാറ്റ്‌ഫോം രൂപികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മദ്യം എത്തിക്കാനുള്ള ചെലവ് (delivery costs) ഏറ്റവും കുറഞ്ഞ രീതിയില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ഈ പുതിയ സാങ്കേതിക വിദ്യയിലൂടെ പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മദ്യം വില്‍ക്കല്‍, വ്യാജമദ്യം, അമിത മദ്യപാനം എന്നിവ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും കമ്പനി സിഇഒ വിവേകാനന്ദ് ബലിജെപള്ളി പറഞ്ഞു.