ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വായ്‌പ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്‌റ്റ് ഓഫ് ലെന്‍ഡിങ് നിരക്കില്‍ (എം.സി.എല്‍.ആര്‍) 10 ബേസിസ് പോയിന്‍റിന്‍റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ (15.07.2022) പ്രാബല്യത്തില്‍ വരും.
എസ്.ബി.ഐയുടെ ഒരു വര്‍ഷത്തെ എം.സി.എല്‍.ആര്‍ നിരക്ക് 7.40 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി ഉയര്‍ന്നു. ആറ് മാസത്തെ എം.സി.എല്‍.ആര്‍ 7.35 ശതമാനത്തില്‍ നിന്ന് 7.45 ശതമാനമായും, രണ്ട് വര്‍ഷത്തെയും മൂന്ന് വര്‍ഷത്തെയും എം.സി.എല്‍.ആര്‍ യഥാക്രമം 10 ബേസിസ് പോയിന്‍റ് വര്‍ധിച്ച് 7.70 ശതമാനമായും 7.80 ശതമാനമായും മാറി.
എം.സി.എല്‍.ആർ നിരക്കിലുണ്ടാകുന്ന മാറ്റം ഉപഭോക്താക്കള്‍ എടുക്കുന്ന ലോണിന്‍റെ പ്രതിമാസ ഇഎംഐയിലും പ്രതിഫലിക്കും. എം.സി.എല്‍.ആര്‍ വര്‍ധന പുതിയതും നിലവിലുള്ളതുമായ വായ്‌പക്കാരെ ബാധിക്കും. നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഭവന വായ്‌പ, വാഹന വായ്‌പ, വ്യക്തിഗത വായ്‌പ തുടങ്ങി എല്ലാ വായ്‌പകളുടെയും പ്രതിമാസ തവണ വര്‍ധിക്കും.
കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ മറ്റ് ബാങ്കുകൾ നിരക്കുകള്‍ ഉയര്‍ത്തിയതാണ് എസ്.ബി.ഐയും പിന്തുടര്‍ന്നത്.