മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള 24,371 കോടി രൂപയുടെ കരാർ പിൻവലിച്ച് റിലയൻസ് ഗ്രൂപ്പ്. ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ വായ്‌പാദാതാക്കൾ കരാറിനെതിരെ വോട്ട് ചെയ്‌തതിനാലാണ് ഇടപാട് പിൻവലിക്കുന്നതെന്ന് റിലയൻസ് വ്യക്തമാക്കി.
ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) അടങ്ങുന്ന ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികളും പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് കമ്പനികളും ഓഹരി ഉടമകളും വായ്‌പാദാതാക്കളും അവരുടെ യോഗങ്ങളിൽ വോട്ടിങ്ങിന്‍റെ ഫലങ്ങൾ അറിയിച്ചതായി റെഗുലേറ്ററി ഫയലിങ്ങിൽ റിലയൻസ് പറഞ്ഞു. ഫലങ്ങൾ പ്രകാരം എഫ്ആർഎല്ലിന്‍റെ ഓഹരി ഉടമകളും സുരക്ഷിതമല്ലാത്ത വായ്‌പാദാതാക്കൾ പദ്ധതിക്കനുകൂലമായി വോട്ട് ചെയ്‌തു. എന്നാൽ എഫ്ആർഎല്ലിന്‍റെ സുരക്ഷിത വായ്‌പാദാതാക്കൾ പദ്ധതിക്കെതിരായാണ് വോട്ട് ചെയ്‌തത്. അത് കണക്കിലെടുത്താണ് കരാറുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് റിലയൻസ് വ്യക്തമാക്കിയത്.
റീട്ടെയിൽ, മൊത്തവ്യാപാരം, ലോജിസ്റ്റിക്‌സ്, വെയർഹൗസിങ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 19 കമ്പനികളെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് (ആർആർവിഎൽ) വിൽക്കുന്നതിനുള്ളതായിരുന്നു കരാർ. 2020 ഓഗസ്റ്റിലാണ് ഫ്യൂച്ചർ ഗ്രൂപ്പ് കരാർ പ്രഖ്യാപിച്ചത്. ആർഐഎൽ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയിൽ കമ്പനികളുടെയും ഹോൾഡിങ് കമ്പനിയാണ് ആർആർവിഎൽ.
കരാർ പ്രഖ്യാപിച്ചതു മുതൽ കരാറിനെ എതിർത്ത് ആമസോൺ രംഗത്തുവന്നിരുന്നു.