തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിന്‍റെ ഏറ്റവും അവസാന ഭാഗത്ത് ഒളിപ്പിച്ച് വച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച പെട്രോള്‍ - ഡീസല്‍ സെസ് സംസ്ഥാന സര്‍ക്കാരിനെതിരായ ചാവേര്‍ ബോംബാവുന്നു. പ്രതിപക്ഷത്തിന് വീണു കിട്ടിയ വടിയായെങ്കില്‍ സംഭവത്തില്‍ എല്‍ഡിഎഫിലും നീരസം പുകയുന്നതായാണ് സൂചനകള്‍. സര്‍ക്കാരിനെതിരെ അപ്രതീക്ഷിത സമര മുഖം തുറക്കാന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന ഒന്നായി പ്രഖ്യാപനം മാറിയെന്ന് മാത്രമല്ല ഒരു തരത്തിലും ജനങ്ങളോട് വിശദീകരിക്കാനാകാതെ പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ് ഇടതുപക്ഷം.
ഇന്ന് പല എല്‍ ഡിഎഫ് നേതാക്കളും മന്ത്രിമാരും ഇതിനെ മാധ്യമങ്ങളോട് ന്യായീകരിക്കാന്‍ വല്ലാതെ പാടുപെടുന്നതും കാണാനായി. ക്ഷേമ പെന്‍ഷന്‍ മുടക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ കേരളത്തിന്‍റെ തനത് പ്രതിരോധം എന്ന സൈദ്ധാന്തിക വിശദീകരണം നല്‍കി പെട്രോള്‍, ഡീസല്‍ സെസ് വര്‍ധനയ്‌ക്കെതിരായ പ്രതിഷേധത്തിന്‍റെ മുനയൊടിക്കാമെന്ന ധനമന്ത്രിയുടെ കണക്ക് കൂട്ടലുകളും പാളി.
പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കേരളത്തിന്‍റെ തെരുവുകളില്‍ ഇത്ര കടുത്ത ജനരോഷം സര്‍ക്കാരും പ്രതീക്ഷിച്ചില്ല. അന്യായമായ നികുതി വര്‍ധനയ്‌ക്കെതിരെ ബജറ്റ് അവതരണത്തിന് തൊട്ട് പിന്നാലെ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആഞ്ഞടിച്ചതോടെയാണ് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫെബ്രുവരി 9ന് തലസ്ഥാന ജില്ലയില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും മറ്റ് 13 ജില്ലകളിലും കലക്ടറേറ്റ് മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കാനണ് സെസ് ഏര്‍പ്പെടുത്തിയതെങ്കിലും ഇതിലൂടെ സംസ്ഥാനത്തുണ്ടാകാന്‍ പോകുന്ന വില കയറ്റവും അധിക ഭാരവും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ന്യായീകരിക്കാന്‍ ധനമന്ത്രിക്കും വല്ലാതെ വിയര്‍ക്കേണ്ടി വന്നു. മാത്രമല്ല, സംസ്ഥാനം രൂക്ഷമായ വില കയറ്റത്തിലൂടെ കടന്നു പോകുമ്പോള്‍ മറ്റൊരു വിലകയറ്റത്തിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നു എന്ന ചിന്ത ജനങ്ങളിലും ശക്തമായി. മദ്യത്തിന്‍റെ സെസിനെതിരെയും പ്രതിഷേധമുയര്‍ന്നു.
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മദ്യ വിലയുള്ള സംസ്ഥാനമായ കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന നേരിയ തോതിലുള്ള മദ്യ വില വര്‍ധന, നേരത്തേ കേന്ദ്രം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ദിനം പ്രതി വില വര്‍ധിപ്പിച്ചതിന് സമാനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തി സംസ്ഥാനങ്ങളുമായി നികുതി പങ്കിടാന്‍ കേന്ദ്രം മടിക്കുന്നതിനെ നിരന്തരം വിമര്‍ശിച്ചു വന്ന സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനത്ത് അതേ രീതിയില്‍ പെട്രോളിന് സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും ഭരണ കക്ഷിയെ പ്രതിസന്ധിയിലെത്തിച്ചു.
ഇതിനെല്ലാം പുറമേ വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത് അടുത്തയിടെയാണ്. ഇതിലൂടെ വാട്ടര്‍ ബില്‍ 200 മുതല്‍ 400 രൂപവരെ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മില്‍മ പാലിന് ലിറ്ററിന് 6 രൂപ കൂട്ടി. മദ്യത്തിന് കൈകാര്യ ചെലവിനത്തില്‍ 10 രൂപ മുതല്‍ 30 രൂപ വരെ സമീപകാലത്ത് വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ പൊതു വിപണിയിലാകട്ടെ അരി വില കുതിച്ചുയരുകയാണ്. മട്ട അരിക്ക് 60 രൂപ വരെ വിലവര്‍ധിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ കെട്ടിട നികുതി 5 ശതമാനം വര്‍ധിക്കാനിരിക്കുകയുമാണ്. 100 രൂപയെങ്കിലും ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന് തയ്യാറാകാതെ ജനങ്ങളുടെ പോക്കറ്റില്‍ ധനമന്ത്രി കൈയിടുകയാണുണ്ടായത്. അതായത് ഏപ്രില്‍ 1 മുതല്‍ ജനങ്ങളില്‍ പ്രത്യക്ഷ നികുതി ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ ബജറ്റിന്‍റെ ശോഭകെട്ടു. പണക്കാരന്‍റെ കൈയില്‍ നിന്നെടുത്ത് പാവപ്പെട്ടവന് നല്‍കുക എന്ന തത്വത്തിന് പകരം പാവപ്പെട്ടവന്‍റെ കീശയില്‍ കൈയിട്ട് പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ എന്ന ധനമന്ത്രിയുടെ തീരുമാനത്തിനാണ് കനത്ത എതിര്‍പ്പ് നേരിടേണ്ടി വന്നത്.
ബജറ്റ് ചര്‍ച്ച കഴിയും വരെ കാത്തിരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് വ്യക്തമാക്കിയതിലൂടെ പ്രഖ്യാപനത്തിന്‍റെ ഭാവി സംബന്ധിച്ച് ഏകദേശ തീരുമാനമായി. ഒരു വശത്ത് സെസ് ഏര്‍പ്പെടുത്തുകയും മറുവശത്ത് അധിക നികുതി ഭാരമേല്‍പ്പിക്കുന്ന കേന്ദ്രത്തെ എതിര്‍ക്കുകയും ചെയ്യുക എന്നത് സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കുന്നതാകും. അതിനാല്‍ ഇതില്‍ നിന്ന് തലയൂരുക എന്നത് മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്ന് വ്യക്തമാണ്.