കാസര്‍കോട്: വീടിന്‍റെ മട്ടുപ്പാവിലും മുറ്റത്തുമെല്ലാം ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് വിളവ് കൂട്ടാനായി പുതിയ വളം വികസിപ്പിച്ചെടുത്തിരിക്കുകയാണ് പടന്നക്കാട് കാർഷിക കോളജിലെ മണ്ണ് വിഭാഗം ജീവനക്കാരും വിദ്യാർഥികളും. ഒറ്റനോട്ടത്തില്‍ കളര്‍ചോക്കുകളാണെന്ന് തോന്നുന്ന കുഞ്ഞന്‍ വളച്ചോക്കുകളാണ് (ന്യൂട്രീഷ്യൻ സ്റ്റിക്ക്) വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. വെറും ആറ് സെന്‍റീമീറ്ററോളം വലിപ്പം വരുന്ന ഇവയുടെ ഗുണമേന്മ വളരെ മികച്ചതാണ്.
11 മൂലകങ്ങളുടെ ചേരുവയാണ് വളച്ചോക്കുകള്‍. കൃഷി വിളകള്‍ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം, കാൽസ്യം, മെഗ്നീഷ്യം, സൾഫർ, ഇരുമ്പ്, മാംഗനീസ്, സിങ്ക് എന്നീ ന്യട്രീഷൻസാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഒരു ചെടി നട്ടാല്‍ അതിന്‍റെ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ രണ്ട് ചോക്കാണ് ആവശ്യമുള്ളത്.
ഗ്രോബാഗില്‍ ചെടി നട്ട് അടുത്ത ദിവസം തന്നെ വളച്ചോക്കില്‍ ഒന്നെടുത്ത് ചെടിക്കരികില്‍ മണ്ണിലിറക്കി വെയ്‌ക്കണം. സാവധാനത്തില്‍ ചെടി ആവശ്യമായ മൂലകങ്ങള്‍ ചെടി വലിച്ചെടുത്തോളും. ആദ്യ ചോക്ക് നല്‍കി 30 മുതല്‍ 35 ദിവസത്തിനുള്ളില്‍ അടുത്ത ചോക്കും മണ്ണിലിറക്കി വയ്‌ക്കാം. ഇതാണ് വളപ്രയോഗ രീതി.
ഓരോ പച്ചക്കറിയ്‌ക്കും അനുയോജ്യമായ വ്യത്യസ്‌ത തരത്തിലുള്ള ചോക്കാണ് വികസിപ്പിച്ചിട്ടുള്ളത്. ഓരോന്നും തിരിച്ചറിയുന്നതിനും പ്രത്യേക കളറുകളിലാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ ചീര, മുളക്, തക്കാളി, വെണ്ട, കോളിഫ്ലവർ, കാബേജ്, പാവൽ, പടവലം, വഴുതന തുടങ്ങി പത്തിലേറെ കൃഷികൾക്കാവശ്യമുള്ള വളച്ചോക്കുകൾ വികസിപ്പിച്ചിട്ടുണ്ട്.
മൂന്ന് രൂപയാണ് ഒരു സ്റ്റിക്കിന്‍റെ വില. ചോക്ക് ഉപയോഗിച്ച ചെടികളിൽ നിന്ന് 25 മുതൽ 35 വരെ വിളവ് അധികം ലഭിച്ചതായാണ് പഠനങ്ങൾ പറയുന്നത്. കോളജിലെ മുൻ ഡീൻ ഡോ. പി.ആർ.സുരേഷിന്‍റെ ആശയത്തിൽ നിന്നാണ് മണ്ണ് വിഭാഗം വകുപ്പ് മേധാവി ഡോ. എം.കെ.ബിനീതയുടെ നേതൃത്വത്തിൽ ഡോ. ഷമീർ മുഹമ്മദ്, ഡോ. പി.നിതീഷ്, വകുപ്പിലെ മറ്റ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് വളച്ചോക്ക് വികസിപ്പിച്ചത്. കോളജ് ഡീൻ ഡോ.പി.കെ.മിനിയുടെ പിന്തുണയും കൂടിയായപ്പോൾ വളച്ചോക്ക് വലിയ വിജയമായി.