ദുബായ്: ഇന്ത്യയിലെ ശതകോടീശ്വരന്‍ മുകേഷ് അംബാനി തന്‍റെ ഇളയ മകന് വേണ്ടി ദുബായില്‍ 640 കോടി രൂപയുടെ(8 കോടി അമേരിക്കന്‍ ഡോളര്‍) വില്ല വാങ്ങി. ദുബായിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രൊപ്പര്‍ട്ടി കരാറാണിതെന്ന് ഒരു അന്താരാഷ്‌ട്ര ബിസിനസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
ഈ വര്‍ഷം ആദ്യമാണ് ഇളയമകന്‍ ആനന്ദിന് വേണ്ടി ദുബായിലെ പാംജുമൈരയില്‍ മുകേഷ് അംബാനി വില്ല വാങ്ങിയത്. കൃത്രിമമായി നിര്‍മിച്ച ഈന്തപ്പനയുടെ ആകൃതിയിലുള്ള ദ്വീപ് ശൃഖലയാണ് പാം ജുമൈര. ഇതിന്‍റെ വടക്ക് ഭാഗത്താണ് ഈ ആഡംബര വില്ല സ്ഥിതി ചെയ്യുന്നത്.
10 കിടപ്പ് മുറികളും, അകത്തും പുറത്തും നീന്തല്‍കുളങ്ങളും, സ്വകാര്യ സ്‌പായും ഉള്ളതാണ് ഈ അംഡബര വില്ലയെന്ന് ദുബായിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതിസമ്പന്നരെ ആകര്‍ഷിക്കാന്‍ നിരവധി നയങ്ങള്‍ ദുബായ് സ്വീകരിച്ചുവരികയാണ്. വിദേശികള്‍ക്ക് വീടുവാങ്ങാന്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തിയും ദീര്‍ഘകാലത്തേക്ക് ഗോള്‍ഡന്‍ വിസ നല്‍കിയും അതിസമ്പന്നരുടെ വിപണിയായി ദുബായിയെ മാറ്റുകയാണ്.
ബ്രിട്ടീഷ് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാം, ഭാര്യ വിക്‌ടോറിയ, ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ എന്നിവരാണ് അംബാനിയുടെ പാം ജുമൈരയിലെ അയല്‍ക്കാര്‍. മുകേഷ് അംബാനിയുടെ മൂന്ന് മക്കളില്‍ ഒരാളാണ് ആനന്ദ്. ബ്ലൂബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം 93.3 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്ഥി.
ലോക കോടീശ്വരന്‍മാരില്‍ 11-ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. മുകേഷ് അംബാനി തന്‍റെ സ്വത്തുക്കള്‍ മക്കള്‍ക്കായി വീതിച്ചുകൊടുക്കുന്നതിന്‍റ നടപടികളിലേക്ക് കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഭാഗമായി മൂത്തമകന്‍ ആകാശ് അംബാനിയെ റിലയന്‍സ് ഇന്‍ഫോകോമിന്‍റെ ചെയര്‍മാനായി നിയമിച്ചു. തന്‍റെ പിതാവിന്‍റെ മരണ ശേഷം സഹോദരന്‍ അനില്‍ അംബാനിയുമായി ഉണ്ടായ സ്വത്ത് തര്‍ക്കം പോലുള്ള സാഹചര്യം തന്‍റെ മക്കള്‍ തമ്മില്‍ ഉണ്ടാകാതിരിക്കുകയാണ് മുകേഷ് അംബാനി ലക്ഷ്യം വെക്കുന്നത്.
മക്കള്‍ക്ക് വിദേശത്ത് ആഡംബര ഭവനങ്ങള്‍: അംബാനി കുടുംബം വിദേശത്ത് റിയല്‍ എസ്‌റ്റേറ്റുകളില്‍ വ്യാപകമായി നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് മക്കള്‍ക്ക് വേണ്ടിയും അവര്‍ക്ക് വിദേശത്ത് രണ്ടാം വീട് എന്ന നിലയിലാണ് അഡംബര അപ്പാര്‍ട്ട്‌മെന്‍റുകള്‍ മുകേഷ് അംബാനി വാങ്ങികൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം മൂത്തമകന്‍ ആകാശ് അംബാനിക്ക് വേണ്ടി മൂന്നൂറ് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാര സമാനമായ സ്റ്റോക് പാര്‍ക് ലിമിറ്റഡ് റിലയന്‍സ് വാങ്ങിയിരുന്നു. നിരവധി ഹോളിവുഡ് സിനിമകളുടെ സെറ്റായിട്ടുണ്ട് സ്‌റ്റോക് പാര്‍ക് ലിമിറ്റഡ്. ആകാശ് അംബാനിയുടെ ഇരട്ടസഹോദരിയായ ഇഷ അംബാനിക്ക് വേണ്ടി ന്യൂയോര്‍ക്കില്‍ ആഡംബര വസതി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് മുകേഷ് അംബാനി.
ദുബായിലുള്ള പ്രൊപ്പര്‍ട്ടി കരാര്‍ മുകേഷ് അംബാനി പരസ്യമാക്കിയിട്ടില്ല. ദുബായിലെ ഈ ആഡംബര വില്ല ദശലക്ഷകണക്കിന് രൂപ ചെലവഴിച്ച് അംബാനി കുടുംബം കസ്റ്റമൈസ് ചെയ്യും. മുകേഷ് അംബാനിയുടെ പ്രധാന ബിസിനസ് സഹായിയും പാര്‍ലമെന്‍റ് അംഗവുമായ പരിമള്‍ നത്‌വാനിയായിരിക്കും ഈ വില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുക.
അതിസമ്പന്നരുടെ പാംജുമൈര: 2001ലാണ് പാം ജുമൈര കൃത്രിമ ദ്വീപിന്‍റെ പണികള്‍ ആരംഭിച്ചത്. പാം ജുമൈരയിലെ ആദ്യത്തെ താമസക്കാര്‍ എത്തുന്നത് 2007ലാണ്. ആഡംബര വസതികളെ കൂടാതെ ആഡംബര ഹോട്ടലുകള്‍, ക്ലബുകള്‍ എന്നിവയും പേര്‍ഷ്യന്‍ ഉള്‍ക്കടലിനെ അഭിമുഖീകരിച്ചുകൊണ്ട് പാം ജുമൈരയില്‍ സ്ഥിതി ചെയ്യുന്നു.
ദുബായി സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ് പാര്‍പ്പിട വിപണി. ദുബായ് ജിഡിപിയുടെ മൂന്നില്‍ ഒന്ന് പാര്‍പ്പിട വിപണിയാണ് സംഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി മാന്ദ്യത്തിലായിരുന്ന ദുബായിലെ പാര്‍പ്പിട വിപണി വേഗത്തില്‍ കരകയറികൊണ്ടിരിക്കുകയാണ്. പ്രവാസികളെ കൂടുതല്‍ വിപണിയുടെ ഭാഗമാക്കികൊണ്ടും കൊവിഡിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തതും ഇതിന് സഹായകമായി. പുതിയ നിയമപ്രകാരം 20 ലക്ഷം ദിനാറോ അതില്‍ കൂടുതലോ ഉള്ള വസ്‌തുക്കള്‍ വാങ്ങുകയാണെങ്കില്‍ പത്ത് വര്‍ഷത്തെ വിസ വിദേശികള്‍ക്ക് ലഭിക്കും.