ന്യൂഡൽഹി : 7,000 കോടി നിക്ഷേപത്തില്‍ രാജ്യത്ത് അഞ്ച് ഷോപ്പിംഗ് മാളുകൾ നിർമിച്ച ലുലു ഗ്രൂപ്പ് റീട്ടെയിൽ സാധ്യതകൾ മുന്നിൽ കണ്ട് ഒരു ഡസൻ വില്‍പ്പന കേന്ദ്രങ്ങള്‍ കൂടി പണിയാൻ പദ്ധതിയിടുന്നു. യുഎഇ ആസ്ഥാനമായുള്ള കമ്പനിക്ക് കൊച്ചി, തിരുവനന്തപുരം, തൃശൂർ, ലക്‌നൗ, ബെംഗളൂരു എന്നിവിടങ്ങളിലായി അഞ്ച് മാളുകൾ ഉണ്ട്. ലുലുവിന് ഇന്ത്യ വളരെ പ്രധാനപ്പെട്ട വിപണിയാണെന്ന് ഇവിടുത്തെ ഷോപ്പിംഗ് മാൾസ് ഡയറക്‌ടർ ഷിബു ഫിലിപ്‌സ് പറഞ്ഞു.
ശരിയായ ബിസിനസ് മോഡൽ ഉണ്ടെങ്കിൽ ധാരാളം അവസരങ്ങളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രധാന ജില്ലകളിൽ ഏകദേശം 0.5 ദശലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള ചെറിയ മാളുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ കേരളത്തിൽ കോഴിക്കോട്, കോട്ടയം, തിരൂർ, പെരിന്തൽമണ്ണ, പാലക്കാട് എന്നിവിടങ്ങളിലാണ് മാളുകൾ നിർമിക്കുന്നത്.
ഇതിൽ ചിലത് പൂർണ ഉടമസ്ഥതയിലുള്ളതും ചിലത് പാട്ടത്തിനെടുത്ത സ്ഥലത്തുമായിരിക്കും. ഹൈദരാബാദിലേത് 2023 ന്‍റെ തുടക്കത്തിൽ തന്നെ പ്രവർത്തനക്ഷമമാക്കും. ചെന്നൈ, അഹമ്മദാബാദ്, പ്രയാഗ്‌രാജ്, വാരണാസി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിൽ നിലവിൽ ആറ് ഷോപ്പിംഗ് മാളുകൾ പൈപ്പ്‌ലൈനിലുണ്ടെന്ന് ഫിലിപ്‌സ് പറഞ്ഞു. അഹമ്മദാബാദിലും ചെന്നൈലുമായി പുതിയ പ്രൊജക്‌ടുകൾ തുടങ്ങാൻ സജീവമായി നോക്കുകയാണ്.
ഇന്ത്യയിലെ മാൾ ബിസിനസിന്‍റെ രണ്ടാം ഘട്ട വിപുലീകരണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഷിബു ഫിലിപ്‌സ് പറഞ്ഞു. കൊവിഡ് സമയത്ത് തകർച്ച സംഭവിച്ച ഇന്ത്യൻ റീട്ടെയിൽ രംഗത്ത് ഇപ്പോള്‍ വമ്പിച്ച വളർച്ചാസാധ്യതകൾ കാണുന്നുവെന്ന് കഴിഞ്ഞ വർഷം ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം എ യൂസഫ് അലി പറഞ്ഞിരുന്നു. അബുദാബി ആസ്ഥാനമായി 23 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്‍റെ വാർഷിക വിറ്റുവരവ് 8 ബില്യൺ ഡോളറാണ്.