തിരുവനന്തപുരം: സംസ്ഥാനാന്തര റൂട്ടുകൾ വാടകയ്ക്ക് നൽകാന്‍ ഒരുങ്ങി കെഎസ്ആർടിസി. സംസ്ഥാനാന്തര സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്ക് നിലവിൽ 300 ബസുകളുടെ കുറവുള്ളതിനാലാണ് ഈ നീക്കം. സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം (KSRTC hires private super class buses for interstate routes). സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് സംസ്ഥാനാന്തര റൂട്ടുകളിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ തുടർന്നും നടത്താനാണിത്.
ആദ്യ ഘട്ടത്തിൽ 100 ബസുകൾ വാടകയ്ക്ക് എടുക്കാനാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സ്വകാര്യബസുകൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതിന് സീറ്റിന് 2500 രൂപ വീതം നികുതി അടയ്‌ക്കേണ്ടി വരും. എന്നാൽ കെഎസ്ആർടിസി വാടകയ്‌ക്കെടുത്താൽ ഈ നികുതി വരുന്നില്ല എന്നതാണ് പ്രധാന ഗുണം.
23 റൂട്ടുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ ലേലം വിളിക്കുന്നത്. സൂപ്പർ ക്ലാസ് ലക്ഷ്വറി ബസുകളാണ് കെഎസ്ആർടിസി വാടകയ്‌ക്കെടുക്കാനായി ക്ഷണിക്കുന്നത്. നാല് വർഷത്തിൽ താഴെ പഴക്കമുള്ളതായിരിക്കണം എന്നതാണ് മാനദണ്ഡം. കൂടാതെ ബസുകൾ സർവീസ് നടത്തേണ്ടത് കെഎസ്ആർടിസി നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്കിൽ ആയിരിക്കണം (criteria for hiring private super class buses).
കെഎസ്ആർടിസിക്ക് ദീർഘദൂര സർവീസുകൾ നടത്താൻ സൂപ്പർ ക്ലാസ് ബസുകൾ വാങ്ങിയിട്ട് എട്ട് വർഷത്തിൽ കൂടുതലായി. ഈ സാഹചര്യത്തിൽ ബെംഗളൂരു, മൂകാംബിക, മൈസൂരു, കോയമ്പത്തൂർ, സുള്ള്യ, സേലം എന്നീ റൂട്ടിലുള്ള ലാഭകരമായ സർവീസുകൾ അടക്കം മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് കെഎസ്ആർടിസി പുതിയ നീക്കവുമായി വന്നിരിക്കുന്നത്.
സർവീസ് മെച്ചപ്പെടുത്താനായി കെഎസ്ആർടിസി മുൻപും പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. കെഎസ്ആർടിസിയെ മൂന്ന് സോണുകളാക്കി ഇവക്ക് നേതൃത്വം നൽകാൻ ഓരോ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് മറ്റൊരു പുതിയ നീക്കം. ഇത് കെഎസ്ആർടിസിയുടെ പ്രവർത്തനം എളുപ്പമാക്കുമെന്നാണ് കരുതുന്നത്.