തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പട്ടികവർഗ കുടുംബത്തിനും ഒരു ഉപജീവന സംരംഭം നടപ്പാക്കുന്നതിന് സഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കും. പദ്ധതി പുരോഗതിയുടെ അടിസ്ഥാനത്തിൽ തുക ഗഡുക്കളായി നൽകും. ഊരുകളിൽ താമസിക്കുന്ന തെരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് ആദ്യ വർഷം സഹായം നൽകും. ഈ പദ്ധതിക്കായി 10 കോടി രൂപ അധികമായി വകയിരുത്തി.
പട്ടികജാതി പട്ടികവർഗ സഹകരണ സംഘങ്ങൾക്ക് സർക്കാർ അംഗീകൃത കോഴ്‌സുകൾ ആരംഭിക്കുന്നതിനും ഉത്‌പാദന യൂണിറ്റുകൾ ഏറ്റെടുക്കുന്ന എസ് സി /എസ് ടി സഹകരണ സംഘങ്ങൾക്ക് സഹായം നൽകുന്നതിനും മറ്റുമായി എട്ട് കോടി രൂപ വകയിരുത്തുന്നു. പട്ടികജാതി പട്ടികവർഗ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പുനർജനി പദ്ധതിക്കായി 3.60 കോടി രൂപ അനുവദിച്ചു.
പട്ടികജാതി ഉപപദ്ധതിക്കായി 2979.40 കോടി രൂപ വകയിരുത്തി. പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസ ധനസഹായമായി 429.61 കോടി രൂപ വകയിരുത്തി. പട്ടികജാതി വിദ്യാർഥികൾക്കായുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന്‍റെ സംസ്ഥാനവിഹിതമായി 65 കോടി രൂപ പ്രഖ്യാപിച്ചു. ഒൻപതും പത്തും ക്ലാസിലെ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് എന്ന പുതിയ പദ്ധതിക്ക് 7.20 കോടി രൂപ വകയിരുത്തി.
യുവതി യുവാക്കളിലെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി നൈപുണ്യവികസന പരിപാടികൾ നടപ്പാക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളുടെ നടത്തിപ്പിന് 13 കോടി രൂപ. ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി 180 കോടി. പഠനമുറികളുടെ നിർമാണത്തിനായി 205 കോടി, പഠനമുറി നിർമാണത്തിന് ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം നൽകും.
പട്ടികജാതി വിഭാഗത്തിലെ ദുർബല വിഭാഗത്തിനുള്ള വികസന പരിപാടികൾക്കായി 50 കോടി രൂപ. പട്ടികജാതി യുവതികൾക്ക് വിവാഹ ധനസഹായത്തിന് 84.39 കോടി രൂപ. ഡോ. അംബേദ്‌കർ ഗ്രാമവികസന പദ്ധതിക്കായി 60 കോടി രൂപ. ഓരോ കോളനിക്കും പരമാവധി ഒരു കോടി രൂപ വീതം നൽകും. ആരോഗ്യ സുരക്ഷ പരിപാടിക്കായി 53 കോടി രൂപയും പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ ഗ്യാപ്പ് ഫില്ലിങ് പദ്ധതികൾക്ക് കോർപ്പസ് ഫണ്ടായി 45 കോടി രൂപ വകയിരുത്തി.
പട്ടികവർഗ വികസനം: സംസ്ഥാനത്തെ പട്ടികവർഗ ജനവിഭാഗത്തിന്‍റെ വികസനത്തിനായി 859.50 കോടി രൂപ. പട്ടികവർഗ വിദ്യാർഥികൾക്ക് പ്രോത്സാഹനവും സഹായവും എന്ന പദ്ധതിക്കായി ആകെ 8.75 കോടി രൂപ. മോഡൽ പ്രീ സ്‌കൂളുകളുടെ നടത്തിപ്പ് എന്ന പുതിയ ഘടകത്തിനും വിദ്യാർഥികൾക്കായുള്ള ട്യൂട്ടോറിയൽ പദ്ധതിക്കും പട്ടിക വർഗക്കാരുടെ കായിക പ്രോത്സാഹനത്തിനുമടക്കം വിവിധ പദ്ധതികൾക്കായി 30 കോടി രൂപ പ്രഖ്യാപിച്ചു.
യുവജനങ്ങൾക്ക് സ്വയം തൊഴിലിന് 10 കോടി. പട്ടികവർഗക്കാർക്കായുള്ള വരുമാനദായക കാർഷിക ഉദ്യമം എന്ന പദ്ധതിക്ക് 8.50 കോടി രൂപ. കുടുംബങ്ങൾക്ക് 100 ദിവസം അധിക തൊഴിലിനായി 35 കോടി രൂപ അനുവദിച്ചു. പ്രീമെട്രിക്-പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളുടെയടക്കം വിവിധ സ്‌കൂളുകളുടെയും ഹോസ്റ്റലുകളുടെയും നിർമാണത്തിനായി നാല് കോടി രൂപ വകയിരുത്തി.
പട്ടികവർഗ യുവതികൾക്ക് വിവാഹ ധനസഹായം എന്ന പദ്ധതിക്ക് ആറ് കോടി. ജനനി ജന്മരക്ഷ എന്ന പദ്ധതിക്കായി 17 കോടി രൂപ വകയിരുത്തി. പരമ്പരാഗത പട്ടികവർഗ വൈദ്യന്മാർക്കുള്ള സാമ്പത്തിക സഹായം എന്ന പദ്ധതിക്കായി 40 ലക്ഷം രൂപ അനുവദിച്ചു.
ഭക്ഷണത്തിനുള്ള സഹായം എന്ന പദ്ധതിക്കായി 25 കോടി, സമഗ്ര പട്ടികവർഗ ആരോഗ്യ സംരക്ഷണം എന്ന പദ്ധതിക്ക് 30 കോടി, ഭവന നിർമാണം/അപൂർണമായ വീടുകളുടെ പൂർത്തീകരണം എന്ന പദ്ധതിക്ക് 57.20 കോടി രൂപ വകയിരുത്തി. കോർപ്പസ് ഫണ്ട് ഇനത്തിൽ 45 കോടി രൂപ പ്രഖ്യാപിച്ചു.
അംബേദ്‌കർ സെറ്റിൽമെന്‍റ് വികസന പദ്ധതിക്കായി 50 കോടി രൂപ നീക്കിവച്ചു. ഭൂരഹിതരായവരുടെ പുനരധിവാസം എന്ന പദ്ധതിക്ക് 45 കോടി. പട്ടികവർഗ മേഖലകളിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള മാനവ വിഭവശേഷ് പിന്തുണ എന്ന പദ്ധതിയിലൂടെ ഇത്തരത്തിൽ കൂടുതൽ ആളുകളെ വകുപ്പിന്‍റെ പദ്ധതികളുടെ ഭാഗമാക്കുകയാണ്. ഇതിനായി 32.35 കോടി രൂപ അനുവദിച്ചു. ഗോത്രബന്ധു പദ്ധതിക്ക് ആറ് കോടി രൂപ വകയിരുത്തി.